ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിന് (എമർജൻസി യൂസ് ലിസ്റ്റിംഗ്-ഇയുഎൽ) ലോകാരാരോഗ്യ സംഘടന അംഗീകാരം നല്കി.ഡബ്ല്യുഎച്ച്ഒയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (ടിഎജി)ആണു കോവാക്സിന് ഇയു എൽ പദവി നൽകിയത്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ, കോവാക്സിൻ എടുത്ത ആയിരക്കണക്കിനു പേർക്കു വി വിദേശത്തേക്കു പോകാനുള്ള തടസം നീങ്ങും. വിദേശത്തേക്കു പോകാൻ ഉദ്ദേശിക്കുന്നവർ കോവാക്സിൻ എടുക്കാൻ വിമുഖത കാട്ടിയിരുന്നു. അസ്ട്രസെനക്കയും ഓക്സ്ഫഡ് യൂണിവേഴ് സിറ്റിയും ചേർന്നു വികസിപ്പിച്ച കോവിഷീൽഡിനു ലോകാരോഗ്യ സംഘടന മുമ്പ് അംഗീകാരം നല്കിയിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകാ രോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനം ഗെബ്രയേസസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് -19 നെതിരെ കൊവാക്‌സിൻ 77.8 ശതമാനവും പുതിയ ഡെൽറ്റ വകഭേദത്തിനെതിരേ 65.2 ശതമാനവും ഫലപ്രദമാണെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു.
അടിയന്തര ഉപയോഗത്തിന് അനുമതി നേടി ഏപ്രിലിലാണു ഭാരത് ബയോടെക് ഡബ്ല്യുഎച്ച്ഒയെ സമീപിച്ചത്. വാക്‌സിൻ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് കൈമാറി. തുടർന്നാണ് ഇന്നലെ കൊവാക്‌സിന് ആംഗീകാരം ലഭിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സംയുക്തമായാണ് കൊവാക്‌സിൻ വികസിപ്പിച്ചത്.കോവി ഷീൽഡും കൊവാക്‌സിനുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന രണ്ടു വാക്‌സിനുകൾ.
കൊവാക്‌സിന് ഇന്ത്യയിൽ നേരത്തെതന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരം ലഭിച്ചിരുന്നില്ല. കൊവാക്‌സിൻ സ്വീകരിച്ചവർ ക്വാറന്റൈനിൽ പോകേണ്ട സ്ഥിതിയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഓസ്ട്രേലിയ കൊവാക്‌സിന് അംഗീകാരം നൽകിയിരുന്നു. ഒമാൻ, ഇറാൻ, മൗറീഷ്യസ്, മേക്സിക്കോ, നേപ്പാൾ, പരാഗ്വേ,ഫിലിപ്പീൻസ്, സിംബാബ്വെ എന്നീ രാജ്യങ്ങൾ കോവാക്സിനു നേരത്തേ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.