കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറി ക്രിസ്മസ് വിപണി

കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറി ക്രിസ്മസ് വിപണി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ മേഖലകളിലും വില്പനയിലും അന്വേഷണങ്ങളിലും ഉണർവ് വന്നിട്ടുണ്ട്. ഇത്തവണ ആഘോഷങ്ങൾക്ക് തിളക്കമേറിത്തുടങ്ങിയെന്നാണ് വ്യാപാരികൾ പറയുന്നത്. ക്രിസ്മസ് അലങ്കാര ഉത്പന്നങ്ങൾക്കൊപ്പം കേക്കും വൈനുമെല്ലാം വില്പനയ്ക്കായി ഇതിനോടകം വിപണിയിൽ ഇടംപിടിച്ചു കഴിഞ്ഞു. വിവിധ വില നിലവാരത്തിലുള്ള ഉത്പന്നങ്ങൾക്കൊപ്പം ക്രിസ്മസ് സ്പെഷ്യൽ മാസ്കുകളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. പേപ്പർ നക്ഷത്രങ്ങളെക്കാൾ എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ് ആവശ്യം. ശരാശരി 150 രൂപ മുതൽ 900 രൂപ വരെയുള്ള എൽ.ഇ.ഡി. നക്ഷത്രങ്ങളുണ്ട്. കൂടെ അലങ്കാര ബൾബുകളും വിറ്റുപോകുന്നുണ്ട്. ക്രിസ്മസ് ട്രീ, റെഡിമെയ്ഡ് പുൽകൂടുകളിലും ഇത്തവണ ആവശ്യം കൂടിയിട്ടുണ്ട്. 5,000 രൂപ വരെയുള്ള ക്രിസ്മസ് ട്രീകൾ വിപണിയിൽ ലഭ്യമാണ്. കേരളത്തിൽ 50 മുതൽ 70 കോടി രൂപയുടെ വരെ കേക്ക് കച്ചവടമാണ് ഓരോ ക്രിസ്മസ് സീസണിലും നടക്കുന്നത്.

ചൈനയിൽനിന്നാണ് പ്രധാനമായും ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള മിക്ക ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, കണ്ടെയ്നർ നിരക്ക് വർധിച്ചതും ക്ഷാമവും വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഉത്പന്നങ്ങൾക്ക് വില കൂട്ടി വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കോവിഡ് സമയത്തുണ്ടായ നഷ്ടം ക്രിസ്മസ് സീസണിൽ നികത്താൻ സാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽനിന്ന് ക്രിസ്മസ് അലങ്കാരങ്ങൾ എത്തുന്നുണ്ടെങ്കിലും ചൈനീസ് ഉത്പന്നങ്ങൾക്കാണ് ആവശ്യക്കാരെന്ന് വ്യാപാരി എം.ജെ. ജയേഷ് പറഞ്ഞു.

സാധാരണക്കാരന് താങ്ങാവുന്ന വിലയും ഇഷ്ടപ്പെട്ട രുചികളുമാണ് പ്ലം കേക്കുകളെ പ്രിയമുള്ളതാക്കുന്നത്. കിലോയ്ക്ക് 300 മുതൽ 900 രൂപ വരെ വിലയുണ്ട് ഇവയ്ക്ക്. റിച്ച് പ്ലം, സ്കോട്ടിഷ് പ്ലം, റം ആൻഡ് റൈസം പ്ലം എന്നിവയ്ക്കാണ് ഉയർന്ന വിലകൾ. ഇതോടൊപ്പം കാരറ്റ് കേക്കിനും പ്രിയമേറെയാണ്. പ്ലം കേക്കുകൾക്കൊപ്പം ചോക്ലേറ്റ് കേക്കുകളും വിവിധ രുചിയിൽ ഫ്രഷ് ക്രീം കേക്കുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. കേക്കുകൾക്കെല്ലാം നേരത്തെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഡിസംബറിൽ എറണാകുളത്ത് മാത്രം 100 ടണ്ണിനു മുകളിൽ കേക്ക് കച്ചവടം നടക്കാറുണ്ട്. ഇതിൽ ഭൂരിഭാഗവും അതത് ബേക്കറികളിൽ ഉണ്ടാക്കുന്നവയാണ്. ഇത്തവണ കോർപ്പറേറ്റ് ഓർഡറുകളിൽ വർധനയുണ്ടായിട്ടുണ്ട്. വിപണി കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് മാറുന്നുണ്ടെന്നും കേരള ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights