വൈവിധ്യമേറിയ വിഭവങ്ങളാൽ സമൃദ്ധമാണ് ഇന്ത്യൻ സംസ്കാരം. വ്യത്യസ്ത രീതിയിൽ തയ്യാർ ചെയ്തെടുക്കുന്ന ഭക്ഷണങ്ങളുടെയും വിഭവങ്ങളുടെയും വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മക്ഡൊണാൾഡ് ഫ്രഞ്ച് ഫ്രൈസ് ചേർത്തുണ്ടാക്കിയ കാപ്പിയും കോൺ രൂപത്തിലുള്ള പിസയുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.
ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സ്നാക്കുകളിലൊന്നാണ് മോമോസ്. തീയിലിട്ട് ചുട്ടെടുക്കുന്ന മോമോസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ആവിയിൽ പുഴുങ്ങിയെടുക്കുന്ന മോമോസ് പാനിൽ എണ്ണയൊഴിച്ച് വറുത്തെടുക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണാൻ കഴിയുക. മോമോസിന്റെ രണ്ടുവശവും എണ്ണയിൽ വറുത്തെടുക്കുന്നു. ഇതിലേക്ക് പച്ചക്കറികളും വെള്ളവും ചേർത്ത് വേവിച്ചെടുക്കുന്നു. ഈ മോമോസിലേക്ക് തീ പടർത്തിയശേഷം ചുട്ടെടുക്കുന്നു. ഇത് തണുത്തശേഷം ചില്ലി സോസ് ചേർക്കുന്നു. അതിനുശേഷം വിളമ്പി നൽകുന്നതാണ് വീഡിയോ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വിഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. 88,000-ൽ പരം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
ഫയർ മോമോസ് എന്നാണ് ഈ സ്പെഷ്യൽ മോമോസിന് നൽകിയിരിക്കുന്ന പേര്.
നോയിഡയിലെ ജയ്പുരിയ മാർക്കറ്റിലെ വഴിയോര കച്ചവടക്കാരാനാണ് ഈ വെറൈറ്റി വിഭവം തയ്യാറാക്കി നൽകുന്നത്. ഫയർ മോമോസ് കഴിക്കാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് വീഡിയോയ്ക്ക് ഒരാൾ കമന്റു ചെയ്തു. എന്നാൽ, വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്.