ഭവന വായ്പകളില്‍ മത്സരം മുറുകുമ്പോള്‍ ഉപഭോക്താക്കളെ നേടാന്‍ പല വഴികൾ തേടുകയാണ് ബാങ്കുകള്‍. ഉത്സവ കാല ആനുകൂല്യമെന്ന നിലയ്ക്ക് പലിശ നിരക്ക് കുറച്ചും പ്രോസസിങ് ഫീ ഒഴിവാക്കിയും പല ബാങ്കുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ ആക്‌സിസ് ബാങ്ക് ദീര്‍ഘകാല ആനൂകൂല്യ പദ്ധതിയാണ് ഭവന വായ്പ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.
* ഇ എം ഐ അടയ്‌ക്കേണ്ട
‘ശുഭ് ആരംഭ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഭവന വായ്പ പദ്ധതിയനുസരിച്ച് വായ്പ എടുക്കുന്നവര്‍ക്ക് വിവിധ കാലയളവിലായി 12 ഇ എം ഐ അടവ് ഒഴിവാക്കി നല്‍കുകയാണ് ബാങ്ക്. ശുഭ് ആരംഭ് പദ്ധതി അനുസരിച്ച് ആക്‌സിസ് ബാങ്കില്‍ നിന്ന് വായ്പ എടുത്താല്‍ തിരിച്ചടവിന്റെ നാലാം വര്‍ഷം മൂന്ന് ഗഡു അടവ് ഒഴിവാക്കി നല്‍കും. ഇത് കൂടാതെ എട്ടാം വര്‍ഷവും 12-ാം വര്‍ഷവും ഈ ആനുകൂല്യം വീണ്ടും നൽകും.
* അടവ് മുടങ്ങരുത്
മുടങ്ങാതെ ഇ എം ഐ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം. 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കെല്ലാം ഈ ആനുകൂല്യം ബാധകമായിരിക്കുമെന്ന് ബാങ്കിന്റെ ട്വിറ്റില്‍ പറയുന്നു. വായ്പ തിരിച്ചടവിന്റെ നാല്, എട്ട്, 12 വര്‍ഷങ്ങളില്‍ ഇങ്ങനെ നാല് ഇ എം ഐ ഒഴിവാക്കി നല്‍കുന്നതിലൂടെ ഇത്തരം വായ്പകള്‍ എടുക്കുന്നവര്‍ക്ക് ആകെ 12 ഗഡുക്കള്‍ അടയ്‌ക്കേണ്ടതില്ല.
* 3 ലക്ഷം ആദായം
അതായത് 30 ലക്ഷം രൂപയുടെ വായ്പ 20 വര്‍ഷത്തെ തിരിച്ചടവില്‍ എടുത്ത ഒരാള്‍ക്ക് ഇവിടെ മൂന്ന് ലക്ഷത്തില്‍ അധികം രൂപയുടെ ആദായമാണ് ഉണ്ടാകുക. സാധാരണ ഭവന വായ്പയുടെ പലിശയേക്കാള്‍ കൂടിയ നിരക്കാവും ഈ വായ്പയ്ക്ക് ഈടാക്കുക.