ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് കരുത്തരായ ലിവർപൂളും ചെൽസിയും മാഞ്ചെസ്റ്റർ സിറ്റിയും. ലിവർപൂൾ എവർട്ടണെ തകർത്തപ്പോൾ ചെൽസി വാറ്റ്ഫോർഡിനെ മറികടന്നു. സിറ്റി ആസ്റ്റൺ വില്ലയെയാണ് കീഴടക്കിയത്. എവർട്ടന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. മുഹമ്മദ് സല ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ജോർദാൻ ഹെൻഡേഴ്സൺ, ഡിയാഗോ ജോട്ട എന്നിവരും ലിവർപൂളിന് വേണ്ടി ലക്ഷ്യം കണ്ടു. എവർട്ടണിനുവേണ്ടി ഡെമറായ് ആശ്വാസ ഗോൾ നേടി. മികച്ച ഫോമിൽ കളിക്കുന്ന മുഹമ്മദ് സല ഗോൾവേട്ടക്കാരുടെ പട്ടികയിൽ 13 ഗോളുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ കീഴടക്കി. സിറ്റിയ്ക്ക് വേണ്ടി റൂബൻ ഡയസും ബെർണാഡോ സിൽവയും ലക്ഷ്യം കണ്ടപ്പോൾ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഓലി വാറ്റ്കിൻസ് സ്കോർ ചെയ്തു. സ്റ്റീവൻ ജെറാർഡ് പരിശീലകനായി സ്ഥാനമേറ്റ ശേഷം ആസ്റ്റൺ വില്ല വഴങ്ങുന്ന ആദ്യ തോൽവിയാണിത്. ചെൽസി ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് വാറ്റ്ഫോർഡിനെ കീഴടക്കിയത്. മേസൺ മൗണ്ട്, ഹക്കിം സിയെച്ച് എന്നിവർ ചെൽസിയ്ക്ക് വേണ്ടി വലകുലുക്കിയപ്പോൾ ഇമ്മാനുവേൽ ബോണാവെൻച്വർ വാറ്റ്ഫോർഡിന് വേണ്ടി ആശ്വാസ ഗോൾ നേടി.
