ഗൂഗിൾ സെർച്ച് റിസൽട്ടിൽ ചരിത്ര നിർമിതികൾ ത്രിമാന ചിത്രമായി കാണാം. ഇങ്ങനെ 98 നിർമിതികളുടെ ത്രിമാന കാഴ്ചയും സെർച്ച് റിസൽട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ഉപയോഗിക്കാനാവും. ആൻഡ്രോയിഡിൽ ഈ ഫീച്ചർ മാതൃഭൂമി.കോമും പരീക്ഷിച്ചുനോക്കി. സെർച്ച് റിസൽട്ടിൽ കുറച്ച് താഴെയായാണ് ത്രീഡി വ്യൂ ഓപ്ഷൻ കൊടുത്തിരിക്കുന്നത്. ബിഗ് ബെൻ, ഈഫൽ ടവർ, ലുവ്ര മ്യൂസിയം, ടോക്യോ സ്കൈ ട്രീ ഉൾപ്പടെയുള്ള നിർമിതികളുടെ ത്രിമാന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അതേസമയം സെർച്ച് റിസൽട്ടിലെ ത്രിഡി വ്യൂ ഓപ്ഷൻ 2019 മുതൽ തന്നെ ഗൂഗിൾ ആരംഭിച്ചിരുന്നു. ഇത് പിന്നീട് വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പക്ഷികൾ, പ്രാണികൾ, മൃഗങ്ങൾ, ബഹിരാകാശ വസ്തുക്കൾ, അത്ലറ്റുകൾ പോലുള്ളവ ഇതിൽ പെടും. ഈ ഫീച്ചർ ഉപയോഗിക്കാൻ നിങ്ങളുടെ ഫോണിൽ ബ്രൗസർ തുറന്ന് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയുടെ പേര് സെർച്ച് ചെയ്യുക. സെർച്ച് റിസൽട്ടിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ വ്യൂ ഇൻ ത്രിഡി ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ത്രിഡി വിൻഡോ തുറക്കും. ഇതിൽ വ്യൂ ഇൻ യുവർ സ്പേസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ പരിസരത്ത് എവിടെയെങ്കിലും ഈ നിർമിതിയെ സ്ഥാപിക്കുകയും ഓഗ്മെന്റഡ് റിയാലിറ്റിയായി അതിനെ വീക്ഷിക്കാനും സാധിക്കും.

ബിഗ് ബെൻ, ഈഫൽ ടവർ, പാർതെനോൻ, ടോക്യോ സ്കൈ ട്രീ, ലോവ്ര മ്യൂസിയം, ആർക് ഡി ട്രയംഫ്, ബസിലിക സാന്റ മറിയ നോവെല്ല, ബ്രൂക്ലിൻ ബ്രിഡ്ജ്, കാസിൽ ഓഫ് ഗുഡ് ഹോപ്പ്, കൊളംബസ് ശിൽപം, എംപയർ സ്റ്റേറ്റ് ബിൽഡിങ്, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, പിസാ ഗോപുരം, ലണ്ടൻ ഐ, മൗണ്ട് റുഷ്മോർ നാഷണൽ മെമോറിയൽ, നാഷണൽ പാലസ്, വൺ വേൾഡ് ട്രേഡ് സെന്റർ, പാലസ് ഓഫ് വെർസൈൽസ്, റോഡ്സ് മെമോറിയൽ, സ്റ്റോൺഹെൻജ്, ടോക്യോ നാഷണൽ മ്യൂസിയം, ട്രാഫാൽഗർ സ്ക്വയർ, വെസ്റ്റ് മിനിസ്റ്റർ ആബെ, യൊയോഗി നാഷണൽ സ്റ്റേഡിയം, സോജോജി ഉൾപ്ടെയുള്ളവയുടെ ത്രിമാന ദൃശ്യങ്ങൾ ഗൂഗിൾ സെർച്ചിൽ കാണാം. നിർഭാഗ്യവശാൽ ഇന്ത്യൻ നിർമിതികളൊന്നും തന്നെ ഈ പട്ടികയിലില്ല.