ഇന്ത്യയിലെ ആദ്യത്തെ ‘സ്മാർട്ട് ഫുഡ് കോർട്ട്’ പൂനെയിലൊരുങ്ങുന്നു; പ്രത്യേകതകളറിയാം

കോവിഡ് സമയത്ത് ഏറെ പ്രതിസന്ധിലായ മേഖലകളിലൊന്നാണ് ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി വ്യവസായം. അതിൽ നിന്നെല്ലാം കര കയറാനുള്ള ശ്രമത്തിലാണ് രാജ്യം. അതിലേക്കുള്ള പുതിയ ചുവടു വെയ്പായി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് സ്മാർട്ട് ഫുഡ് കോർട്ട് പൂനെയിൽ ആരംഭിക്കാൻ പോകുകയാണ്. 3,000 ചതുരശ്ര അടിയിൽ തയ്യാറാകുന്ന ഈ പ്രൊജക്ട് ഒരു ഡിജിറ്റൽ ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്യും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ ഫുഡ് കോർട്ടിൽ പല ജനപ്രിയ ബ്രാൻഡുകളുടെ ഭക്ഷണങ്ങൾ ഉണ്ടാകും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഡിന്നറുമെല്ലാം ഇവിടെ നിന്നും ലഭിക്കും.

ഈ സ്മാർട്ട് ഫുട് കോർട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. നിങ്ങളുടെ ടേബിളിൽ ഇരിക്കുന്ന ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഐപാഡുകളിലൂടെയോ കിയോസ്‌കുകളിലൂടെയോ നേരിട്ട് ഓർഡർ നൽകാം. ഈ പ്രക്രിയ വളരെ ലളിതമായിരിക്കും. നിങ്ങളുടെ ഭക്ഷണം തയ്യാറായിക്കഴിഞ്ഞാൽ അക്കാര്യം നേരിട്ട് അറിയിക്കുകയോ നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് നോട്ടിഫിക്കേഷനായി എത്തുകയോ ചെയ്യും.

സ്മാർട്ട് ഫുഡ് കോർട്ടുകൾ വ്യാപിപ്പിച്ചാൽ ഫുഡ് കോർട്ടുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇനി വളരെ എളുപ്പമാകും എന്നു ചുരുക്കം. ഓർഡർ നൽകാൻ നീണ്ട ക്യൂവിൽ കാത്തു നിൽക്കേണ്ടിയും വരില്ല. ഒരു സെക്കൻഡിനുള്ളിൽ ഈ സ്മാർട്ട് ഫുഡ് കോർട്ടിലുള്ള പ്രിയപ്പെട്ട ബ്രാൻഡുകളുടെ ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.

 

ചെന്നൈയിലെ പികെഎസ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോപ്പറേഷന്‍ 24 മണിക്കൂറൂം ലഭ്യമാകുന്ന ഭക്ഷണശാല മുൻപ് ആരംഭിച്ചിരുന്നു. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അജ്‌മേരി ഗേറ്റിന് സമീപമാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രിയായ അശ്വനി വൈഷ്ണവ് ആണ് ഭക്ഷണശാല ഉദ്ഘാടനം ചെയ്തത്. ‘പോപ് എന്‍ ഹോപ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫുഡ് കോര്‍ട്ട് ആണ്.

പോപ് എന്‍ ഹോപ്പില്‍ യാത്രക്കാര്‍ക്ക് മാത്രമല്ല പ്രവേശനം അനുവദിക്കുക, യാത്രക്കാരല്ലാത്തവര്‍ക്കും, പലതരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും എല്ലാം ഇവിടെ പ്രവേശനം ലഭിക്കും. മുഴുവൻ സമയം പ്രവര്‍ത്തിക്കുന്ന, പോപ് എന്‍ ഹോപ് ഫുഡ് കോര്‍ട്ട് ശൃംഖലയ്ക്ക്, ദക്ഷിണേന്ത്യയിലും ഏതാനും ശാഖകള്‍ ഉണ്ട്. പികെ ഷെഫി ഹോസ്പിറ്റാലിറ്റിയുടെ (പികെഎസ്) മാനേജിങ്ങ് ഡയറക്ടറായ മിഹ്രാസ് ഇബ്രാഹീമിന്റെ നേതൃത്വത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

Verified by MonsterInsights