വൻ വിലക്കുറവിൽ ഇന്ത്യക്ക് റഷ്യ അസംസ്കൃത എണ്ണ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. യുദ്ധത്തിന് മുമ്പുള്ള വിലയിൽ നിന്ന് ബാരലിന് 35 ഡോളർ വരെ കിഴിവ് നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരൽ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

യുക്രൈൻ അധിനിവേശത്തെതുടർന്ന് യൂറോപ്പിലേയ്ക്കും യുഎസിലേയ്ക്കുമുള്ള വിതരണം തടസ്സപ്പെട്ടതിനാൽ ക്രൂഡ് ഓയിൽ ഏഷ്യയിൽ വിറ്റഴിക്കാനാണ് റഷ്യയുടെ ശ്രമം. ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെയാണ് റഷ്യ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയിലേയ്ക്കും വൻതോതിൽ എണ്ണ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. റഷ്യയുടെ പണമിടപാട് സംവിധാനമായ എസ്പിഎഫ്എസ് വഴി റൂബിൾ-രൂപ ഇടപാടിനും റഷ്യ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം കൂടുതൽ സുഗമമാക്കാൻ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തൽ.

രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ഇക്കാര്യം ചർച്ചചെയ്തേക്കും. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബാൾട്ടിക് കടൽവഴിയുള്ള ഷിപ്പിങ് തടസം മറികടക്കാൻ കിഴക്കൻ റഷ്യയുടെ വ്ളാഡിവോസ്റ്റോക് തുറമുഖംവഴി എണ്ണ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇവിടെനിന്ന് 20 ദിവസംകൊണ്ട് ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള എണ്ണശുദ്ധീകരണ ശാലകളിൽ എണ്ണ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ, ആയുധങ്ങൾ എന്നിവ വാങ്ങുന്നതിലൂടെയുണ്ടാകാനിടയുള്ള വ്യാപാര വ്യത്യാസം മറികടക്കാൻ മരുന്നുകൾ, എൻജിനിയറിങ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ റഷ്യയിലേയ്ക്കുള്ള കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചതുമുതൽ ക്രൂഡ് ഓയിൽ വൻ വിലക്കിഴിവിൽ നൽകാൻ റഷ്യ ശ്രമംനടത്തുന്നുണ്ടെങ്കിലും രാജ്യങ്ങൾ വിട്ടുനിൽക്കുകയാണ്.