കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ് ഇന്ത്യയിലെ ജനങ്ങൾ വേഗത കൂടിയ ഇന്റർനെറ്റ് എന്താണെന്ന് അനുഭവിച്ച് തുടങ്ങിയത്. വേഗത കൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ശൃംഖല രാജ്യ വ്യാപകമായി സ്ഥാപിക്കാൻ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങി. ഇന്ന് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭിക്കുന്ന കാലമാണ്. എല്ലാ പ്രായത്തിലുള്ളവരും യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്സാപ്പുമെല്ലാം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.

ഇന്റർനെറ്റ് ഇന്ന് പല വഴിയെയാണ് നമ്മുടെ ഉപകരണങ്ങളിലേക്ക് എത്തുന്നത്. മൊബൈൽ ടവറുകൾ വഴിയും, പൊതുവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വൈഫൈ റൂട്ടറുകൾ വഴിയും, ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ ഇന്റർനെറ്റ് വിതരണം നടക്കുന്നു. എന്നാൽ ഈ പരമ്പരാഗത രീതികളിൽ നിന്ന് മാറി ബഹിരാകാശത്തെ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് വിതരണം ചെയ്യുന്ന രീതി പ്രചാരത്തിൽ വരാൻ പോവുകയാണ്.

ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് എത്തുന്ന ഇന്റർനെറ്റ് ആണിത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാർലിങ്ക്, വൺ വെബ്, പ്രൊജക്ട് കുയ്പർ പോലുള്ള സ്ഥാപനങ്ങൾ അടുത്തകാലത്തായി രംഗത്തുവന്ന ഉപഗ്രഹ ഇന്റർനെറ്റ് സേവനതാദാക്കളാണ്. 1962 ൽ ബെൽ ലാബ്സ് വികസിപ്പിച്ച ടെൽസ്റ്റാർ ഉപഗ്രഹത്തിൽ തുടങ്ങി ഇന്റർനെറ്റ് എത്തിക്കുന്നതിനായി നിരവധി ഉപഗ്രഹങ്ങൾ വിക്ഷപിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങൾകൊണ്ട് അമേരിക്ക, യുകെ പോലുള്ള നാടുകളിൽ വിവിധ കമ്പനികൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. വിയാസാറ്റ്, എക്സെഡ്, എക്കോസ്റ്റാർ, ഹ്യൂഗ്സ് നെറ്റ്, യുടെൽസാറ്റ്, സ്റ്റാർലിങ്ക് എന്നിവ അതിൽ ചിലതാണ്. ഇതിൽ സ്റ്റാർ ലിങ്കാണ് ഉപഗ്രഹ ഇന്റർനെറ്റ് സേവന രംഗത്തേക്ക് ഒടുവിൽ പ്രവേശിച്ച കമ്പനികളിൽ ഒന്ന്. അടുത്തകാലത്തായി വാർത്തകളിൽ നിറയുന്നതും ഈ കമ്പനിയാണ്.