Present needful information sharing
ഇൻസ്റ്റാഗ്രാമിലെ ഫീഡിൽ പങ്കുവെക്കുന്ന വീഡിയോകളിൽ ഓട്ടോ കാപ്ഷൻ സംവിധാനം വരുന്നു. വീഡിയോകൾക്ക് കീഴിൽ സബ്ടൈറ്റിൽ വരുന്ന സംവിധാനമാണിത്. യൂട്യൂബിലും ഫേസ്ബുക്കിലും ഇതേ സൗകര്യമുണ്ട്.നിലവിൽ തിരഞ്ഞെടുത്ത ഭാഷകളിൽ മാത്രമേ ഓട്ടോ കാപ്ഷൻ ലഭിക്കുകയുള്ളൂ. ഇത് ആക്റ്റിവേറ്റ് ചെയ്യാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഡിഫോൾട്ട് ആയി ലഭിക്കും. കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ ഭാഷകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് പദ്ധതി.
മികവുറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനനുസരിച്ച് പരിഷ്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം പറയുന്നു. കേൾവിക്കുറവുള്ളവർക്കും കേൾവിശക്തിയില്ലാത്തവർക്കും ഇൻസ്റ്റാഗ്രാം വീഡിയോകൾ ആസ്വദിക്കാൻ ഈ സംവിധാനം സഹായകമാവും. നിലവിൽ ക്രിയേറ്റർമാർക്ക് കാപ്ഷൻ സ്വയം തയ്യാറാക്കി ചേർക്കാൻ സാധിക്കില്ല.
എങ്കിലും വീഡിയോകൾ ശബ്ദമില്ലാതെ തന്നെ ആസ്വദിക്കാൻ ഇത് സൗകര്യപ്രദമാവുമെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്. ഐജിടിവി ആപ്പ് ഒഴിവാക്കി ഇൻസ്റ്റാഗ്രാം ആപ്പിൽ തന്നെ എല്ലാ തരം വീഡിയോകളും ഉൾക്കൊള്ളിക്കാനാണ് കമ്പനി ഇപ്പോൾ താൽപര്യപ്പെടുന്നത്. വീഡിയോ ഉള്ളടക്കങ്ങൾക്ക് വേണ്ടിയുള്ള കൂടുതൽ സൗകര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.