ജലനിരപ്പ് 137.6 അടി, 138 അടിയായാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി യോഗത്തിൽ ധാരണ. കോടതിയിൽ കേന്ദ്ര ജലകമ്മിഷൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടുപ്രകാരം ഇപ്പോഴത്തെ റൂൾ കർവ് 138 അടിയാണ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവിൽ 137.6 അടിയാണ് ജലനിരപ്പ്.

ചൊവ്വാഴ്ച രാവിലെയുള്ള കണക്കുപ്രകാരം സെക്കൻഡിൽ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതിൽ 2077 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.കഴിഞ്ഞയാഴ്ച സുപ്രീംകോടതിയിൽ നൽകിയ സ്റ്റാറ്റസ് റിപ്പോർട്ടിൽ റൂൾ കർവ് വിശദമായി പറഞ്ഞിട്ടുണ്ട്. ജൂൺ പത്ത് മുതൽ നവംബർ 30 വരെ പത്തുദിവസം ഇടവിട്ടുള്ള റൂൾ കർവാണിത്. ജൂണ് പത്തിന് 136 അടിയാണ് റൂൾ കർവ്. പിന്നെ കൂടുന്നു. സെപ്റ്റംബർ പത്തിന് 140 അടിയും 20-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ്. പിന്നെ വീണ്ടും കുറയുന്നു. ഒക്ടോബർ 20 മുതൽ 138 അടിയും നവംബർ 20-ന് 141 അടിയും 30-ന് പരമാവധി ജലനിരപ്പായ 142 അടിയുമാണ് നിശ്ചയിച്ചത്.

ഈ റൂൾ കർവ് സുപ്രീംകോടതിയിൽ സമർപ്പിച്ചെങ്കിലും കേരളം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. രണ്ടുതവണ 142 അടിയിൽ റൂൾ കർവ് നിശ്ചയിച്ചത് ശരിയല്ല എന്ന നിലപാടാണ് കേരളത്തിന്. ഇതുമൂലം റൂൾ കർവിൽ കോടതി അന്തിമവിധി പറഞ്ഞിട്ടില്ല.സുപ്രീംകോടതി നിർദേശമനുസരിച്ചാണ് ചൊവ്വാഴ്ച അടിയന്തര മേൽനോട്ടസമിതി ഓൺലൈനായി യോഗം ചേർന്നത്. ജലകമ്മിഷൻ ചീഫ് എൻജിനീയർ, കേരളം, തമിഴ്നാട് എന്നിവരുടെ ഓരോ പ്രതിനിധികൾ എന്നിവരാണ് സമിതിയിൽ. പലചർച്ച നടന്നെങ്കിലും ഒടുവിൽ തമിഴ്നാട് പ്രതിനിധിയും ജലകമ്മിഷൻ ചീഫ് എൻജിനീയറുമാണ് നിലവിൽ തയ്യാറാക്കിയ റൂൾ കർവ് പ്രകാരം ജലനിരപ്പ് നിയന്ത്രിക്കും എന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്ച കോടതിയിൽ അറിയിക്കും. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിനും റൂൾ കർവ് നിലവിൽവരും. വെള്ളം തുറന്നുവിടുകയാണെങ്കിൽ 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights