സിൽവർ ഹുഡുള്ള കറുപ്പ് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. ലൈറ്റ് വെയ്റ്റ് അലൂമിനിയം കൊണ്ട് നിർമിച്ച, തലയും കഴുത്തും മുഴുവൻ മറയ്ക്കുന്ന വലിയ സിൽവർ ഹുഡ് തന്നെയായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഹുഡിന് സമാനമായുള്ള സിൽവർ ട്രെയ്നും ഗൗണിനുണ്ടായിരുന്നു. ഒപ്പം തന്റെ സിഗ്നേച്ചർ ആയ ക്രിംസൺ ലിപ്സ്റ്റിക്കും താരം അണിഞ്ഞു. സോഫി കൗട്ട്യൂറാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്.

2002-ൽ ദേവദാസ് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ ആദ്യം കാനിലെ റെഡ് കാർപ്പറ്റിലെത്തിയത്. അന്ന് ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയും നടൻ ഷാരൂഖ് ഖാനും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് താരം തുടർച്ചയായി കാൻ ചലച്ചിത്രമേളയുടെ ഭാഗമായി.ഇത്തവണ മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ ചലച്ചിത്രമേളയ്ക്കെത്തിയത്. കുഞ്ഞായിരുന്നപ്പോൾതന്നെ ഐശ്വര്യയുടെ യാത്രാപങ്കാളിയാണ് ആരാധ്യ.
