ശക്തമായ മഴയെ തുടർന്ന് നാളെ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് അംഗനവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി നൽകിയത്. അതേസമയം പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചതായി അറിയിച്ചത്.
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർവി.വിഗ്‌നേശ്വരിയും അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്‌കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കടലോര /കായലോര/മലയോര മേഖലയിലേക്കുള്ള അവശ്യ സർവ്വീസുകൾ ഒഴികെയുള്ള ഗതാഗതം ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, വിനോദ സഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.ജില്ലയിലെ കടൽ തീരങ്ങളിൽ നാളെ രാത്രി 11.30
വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു