കെട്ടിപ്പിടിക്കാന്‍ വലുപ്പത്തില്‍ ഭീമന്‍ ചോക്‌ലേറ്റ്; വായില്‍ വെള്ളമൂറി സോഷ്യല്‍ മീഡിയ

വലുപ്പം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഒട്ടേറെ വിഭവങ്ങളുണ്ടാകും. എന്നാൽ, വലുപ്പം കൊണ്ടും മേക്കിങ് രീതി കൊണ്ടും കൊതിപിടിക്കുന്ന ഭീമൻ ചോക്കലേറ്റിന്റെ വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്.

റഷ്യൻ വംശജയായ കാമില ടേസ്റ്റി എന്ന ഫുഡ് ബ്ളോഗർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഒന്നരക്കോടി പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകൾ വാരിക്കൂട്ടി ഈ വീഡിയോ ചോക്ലേറ്റ് പ്രേമികളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ.

ക്രീം, ക്രഞ്ചി തുടങ്ങി പല തരത്തിലുള്ള ചോക്ലേറ്റുകൾ കൂട്ടിച്ചേർത്താണ് ചോക്ക്ലേറ്റ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഫെറാറോ റോഷർ എന്ന മിഠായിയുടെ വലിയ പതിപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ന്യൂട്ടെല്ല ഉപയോഗിച്ചാണ് ഭീമൻ മിഠായിയുടെ ഉള്ളിലെ ക്രീം ഭാഗം തയ്യാറാക്കിയത്. മിഠായി തയ്യാറാക്കി കഴിഞ്ഞ് ഫെറാറോ റോഷറിന്റെ പുറംകവറും അതുപോലെ തന്നെ ഉണ്ടാക്കിയെടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.

രണ്ട് കൈകൾക്കൊണ്ടും ചുറ്റിപ്പിടിക്കാൻ അത്ര വലുപ്പത്തിലുള്ള മിഠായി ആണിത്. ഭീമൻ ചോക്ലേറ്റ് മിഠായി കണ്ട് വായിൽ വെള്ളമൂറുന്നതായി ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ചിലരാകട്ടെ ഭീമൻ ചോക്ലേറ്റ് കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights