സഞ്ചാരികളെ കോവളത്തേക്ക് കൂടുതൽ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്. കോവളം കടലിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാഹസിക ടൂറിസം പദ്ധതിക്കാണ് രൂപംനൽകുക. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുളള വാട്ടർ സ്പോർട്സ് ഹബ്ബാക്കി കോവളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് തയ്യാറാക്കാൻ തുറമുഖ എൻജിനിയറിങ് വകുപ്പിനെ ഏൽപ്പിച്ചുവെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഇവിടെ പാരാസെയിലിങ്ങും സ്പീഡ് ബോട്ടുകളും മാത്രമേയുള്ളൂ. ആക്കുളത്തും ശംഖുംമുഖത്തും സാഹസിക ടൂറിസം പദ്ധതി നടപ്പിലാക്കും. ആക്കുളത്ത് നിലവിലുളള സൈക്കിൾ പാർക്കിനു പുറമേ ആകാശ സൈക്ലിങ്, കുട്ടവഞ്ചിയിലുടെയുള്ള യാത്ര എന്നിവയും നടപ്പിലാക്കും. ഇവയുടെ ടെൻഡർ നടപടികളായെന്നും അധികൃതർ പറഞ്ഞു.

കുട്ടികൾക്ക് സുരക്ഷിതമാർഗമുപയോഗിച്ചുള്ള നീന്തൽ, വിൻഡ് സർഫിങ്, വിദേശത്തുള്ളതുപോലെയും വടക്കേന്ത്യയിൽ കാണപ്പെടുന്ന ജെറ്റ് സ്കീയിങ്, സ്കൂബാ ഡൈവിങ് അടക്കമുള്ള സാഹസിക വാട്ടർസ്പോർട്സ് ഇനങ്ങളാണ് കോവളത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്. ശംഖുംമുഖത്ത് കുട്ടികൾക്കും കൗമാരക്കാർക്കും ആസ്വദിക്കാനും മാനസിക, ശാരീരിക വ്യായാമത്തിനും ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങൾ സജ്ജമാക്കിയുളള സോഫ്റ്റ് സാഹസികമേഖലയും നടപ്പിലാക്കുന്നുണ്ട്. വിദൂരനിയന്ത്രണ യന്ത്രങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾ, റൈഡുകളും സജ്ജമാക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ പറഞ്ഞു.