‘മനികെ, മാഗേ ഹിതേ…’ എന്ന ശ്രീലങ്കൻ ഗാനവും സിംഹള ഗായിക യോഹാനിയും ലോകം മുഴുവൻ ഹിറ്റായതിനു പിന്നാലെ ലങ്കയിൽനിന്ന് ഒരു ‘മനികെ’ പറന്നുപറന്ന് ചരിത്രത്തിലേക്കു കയറി. ആറുമാസവും ഒമ്പതുദിവസവുംകൊണ്ട് 19,360 കിലോമീറ്റർ പറന്ന് യൂറോപ്പും ആർട്ടിക് പ്രദേശവും കണ്ട് തിരിച്ചെത്തിയതാണ് മനികെ എന്ന കടൽക്കാക്ക. ഒപ്പം പറന്ന ‘മേഘ’ മടക്കയാത്രയിലാണ്. മനികെയും മേഘയുമാണ് ദക്ഷിണേഷ്യയിൽനിന്നു ജി.പി.എസ്. ടാഗുമായി പറക്കുന്ന ആദ്യ വലിയ കടൽക്കാക്കകൾ.

കടൽക്കാക്കകളിലെ ‘ഹ്യൂഗ്ലിൻസ് ഗൾ’ ഇനത്തിൽപ്പെടുന്നവരാണ് ഇവയെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകിയ കൊളംബോ സർവകലാശാലയിലെ സമ്പത്ത് സെനേവിരത്നേ പറഞ്ഞു. തലൈമന്നാറിൽനിന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് പെൺപക്ഷി മനികെക്കും ആൺപക്ഷി മേഘയ്ക്കും ജി.പി.എസ്. ഘടിപ്പിച്ച് വിട്ടത്. മേഘ ആദ്യം പറന്നു. 20 ദിവസത്തിനുശേഷമാണ് മനികെ പറന്നത്. റഷ്യയുടെ വടക്കേയറ്റത്ത് അവയുടെ പ്രജനന ഇടമായ ആർട്ടിക് പ്രദേശത്തെ യാമൽ ഉപദ്വീപിൽ മേയ് മധ്യത്തോടെ മേഘ ആദ്യമെത്തി. പിന്നാലെ മറ്റൊരു വഴിയിലൂടെ മനികെയും. ആർട്ടിക്കിലെ ഗ്രീഷ്മകാലത്തിന്റെ തുടക്കമായ ഓഗസ്റ്റ് അവസാനവാരം മനികെയാണ് ആദ്യം മടങ്ങിയത്. മേഘ ഒക്ടോബർ ആദ്യവും.

ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, കസാഖ്‌സ്താൻ, അസർബയ്‌ജാൻ, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് മനികെ നവംബറിൽ മന്നാറിൽ തിരിച്ചെത്തി. ആർട്ടിക്കിലേക്ക് 7880 കിലോമീറ്ററെടുത്തപ്പോൾ മടക്കയാത്ര മറ്റൊരു വഴിയിലൂടെ 11,480 കിലോമീറ്റർ സഞ്ചരിച്ചായിരുന്നു. മേഘ ഇനിയും എത്തിയിട്ടില്ല. ഗവേഷക ഗയോമിനി പംഗോഡയും മറ്റു വിദ്യാർഥികളുമാണ് പഠനത്തിന് ഒപ്പമുണ്ടായിരുന്നത്. കൊളംബോ സർവകലാശാല സുവോളജി വകുപ്പിനു കീഴിലുള്ള ഫീൽഡ് ഒർണിത്തോളജി ഗ്രൂപ്പ് ഓഫ് ശ്രീലങ്ക, ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഇക്കോ-എൻവയോൺമെന്റൽ സയൻസ് ഗവേഷകകേന്ദ്രം എന്നിവരും സഹകരിച്ചിരുന്നു.

* ഹ്യൂഗ്ലിൻസ് ഗൾ
വൃത്താകൃതിയിലുള്ള തലയും ശക്തമായ ബില്ലും നീളമുള്ള കാലുകളും ചിറകുകളുമുള്ള വലിയ കാക്കകളാണ് അവ. നീളം 53 മുതൽ 70 സെന്റീമീറ്റർ വരെ (21 മുതൽ 28 ഇഞ്ച് വരെ), ചിറകുകൾ 138 മുതൽ 158 സെന്റീമീറ്റർ വരെ (54 മുതൽ 62 ഇഞ്ച് വരെ). പിൻഭാഗവും ചിറകുകളും കടും ചാരനിറമാണ്, തണലിൽ വേരിയബിൾ ആണ്, പക്ഷേ പലപ്പോഴും അൽപ്പം ചെറുതും കറുത്ത ബാക്ക്ഡ് ഗല്ലിന്റെ ഗ്രേൽസി റേസിനോട് സാമ്യമുള്ളതുമാണ്.. ശൈത്യകാലത്ത്, തലയിൽ നേരിയ തവിട്ട് വരകൾ മാത്രമേ ഉണ്ടാകൂ, പക്ഷേ പിന്നെ കഴുത്തിൽ കനത്ത വരകളുണ്ട്. കാലുകൾ സാധാരണയായി മഞ്ഞനിറമാണ്, പക്ഷേ പിങ്ക് നിറമായിരിക്കും.