എക്സ്പോ 2020-ന്റെ ഭാഗമായി ജൂബിലി പാർക്കിൽ നടന്ന എ.ആർ. റഹ്‌മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് ഓർക്കസ്ട്രയുടെ അവതരണം സന്ദർശകരുടെ മനം കവർന്നു. പ്രതീക്ഷയോടെ ആളുകൾ കാത്തിരുന്ന പരിപാടിയാണ് ഏറെ പ്രത്യേകതകളോടുകൂടിയ ഈ സംഗീതാവതരണം. സംഗീത സമ്രാട്ട് എ.ആർ. റഹ്‌മാൻ നേതൃത്വം നൽകുന്ന ഓർക്കസ്ട്രയെന്നതുതന്നെയാണ് ആയിരങ്ങളെ വേദിയിലേക്ക് ആകർഷിച്ചത്.

ഓർക്കസ്ട്ര അവതരണങ്ങളെല്ലാം വനിതകൾ മാത്രമാണ് നടത്തുന്നതെന്നതും പ്രത്യേകതയായി. മണിക്കൂറുകൾക്ക് മുമ്പുതന്നെ ആയിരങ്ങൾ വേദിയുടെ പുറത്ത് പ്രവേശനാനുമതി കാത്തുനിൽക്കുന്ന കാഴ്ചയ്ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. സദസ്സിന്റെ ശേഷി പൂർണമായ ശേഷവും പരിപാടിക്കായി എത്തിയവരുടെ നീണ്ടനിര പുറത്ത് കാണാമായിരുന്നു. സ്റ്റാർ വാർസ് തീം മ്യൂസിക്കോടെയാണ് പ്രതിഭാധനരായ 50 വനിതകൾ ഉൾപ്പെടുന്ന ഓർക്കസ്ട്രയുടെ അവതരണത്തിന് തുടക്കമായത്. തുടർന്ന് എ.ആർ. റഹ്‌മാന്റെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ അവതരണവും നടന്നു.

ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള സംഗീതോപകരണങ്ങളുടെ സമ്മേളനമായിരുന്നു ഇവിടെ കാണാനായത്. സംഗീതത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരോട് നടത്തുന്ന മനോഹരമായ ആശയവിനിമയമായി അത് മാറി. 23 രാജ്യങ്ങളിൽ നിന്നുള്ള വനിതകളാണ് യാസ്മിന സബയുടെ മേൽനോട്ടത്തിൽ പരിപാടികളുടെ ഭാഗമായത്. എക്സ്പോ ബഹിരാകാശ വാരാചരണത്തിന്റെ കൂടി പശ്ചാത്തലത്തിൽ ബഹിരാകാശമെന്ന തീമിലായിരുന്നു അവതരണം. വലിയ സ്‌ക്രീനിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളുമുൾക്കൊള്ളുന്ന അദ്‌ഭുതക്കാഴ്‌ചകളുടെ പശ്ചാത്തലത്തിൽ അതിർത്തികളെയും ഭാഷാ-വർഗ-വർണ വ്യത്യാസങ്ങളെയുമെല്ലാം മറികടന്ന് മനുഷ്യരോടുമാത്രം സംവദിക്കുന്നതായി റഹ്‌മാന്റെ സംഗീതം. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശാസ്ത്രീയ സംഗീതധാരകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നതെന്ന് റഹ്‌മാൻ പറഞ്ഞു.