ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ (ഐ.ഐ.എസ്സി) മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി; എം.ടെക് (റിസർച്ച്) എന്നീ റിസർച്ച് പ്രോഗ്രാമുകൾ, മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്), മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്), മാസ്റ്റർ ഓഫ് മാനേജ്മെന്റ് എന്നീ കോഴ്സ് പ്രോഗ്രാമുകൾ, എം.എസ്സി. ലൈഫ് സയൻസസ്, കെമിസ്ട്രി എന്നീ സയൻസ് കോഴ്സ് പ്രോഗ്രാമുകൾ, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം, എക്സ്റ്റേണൽ, രജിസ്ട്രേഷൻ സ്കിം പ്രകാരമുള്ള പിഎച്ച്.ഡി, എം.ടെക് (റിസർച്ച്) എന്നിവയിലേക്കാണ് അവസരം.

എം.എസ്സി.ക്ക് നിശ്ചിതവിഷയത്തിലെ ബിരുദത്തോടൊപ്പം ജാം 2022/ഗേറ്റ് യോഗ്യതയും വേണം. ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളുണ്ട്. ബി.എസ്സി, ബി.ഇ ബി.ടെക്, ബയോടെക്നോളജി, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽസ്, അഗ്രിക്കൾച്ചറൽ സയൻസസ് ബാച്ചിലർ ബിരുദധാരികൾക്ക് വിവിധ മേഖലകളിലായി അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് ജാം 2022, ജസ്റ്റ് 2022 യോഗ്യത വേണ്ടിവരും.

സയൻസ് ഫാക്കൽറ്റിയിൽ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, ബയോകെമിസ്ട്രി, ഇക്കോളജിക്കൽ സയൻസസ്, ഹൈ എനർജി ഫിസിക്സ്, ഇനോർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി, മെറ്റീരിയൽസ് റിസർച്ച്, മാത്തമാറ്റിക്സ്, മൈക്രോബയോളജി ആൻഡ് സെൽബയോളജി, മോളിക്യുലാർ ബയോഫിസിക്സ്, മോളിക്യുലാർ റിപ്രൊഡക്ഷൻ, ഡെവലപ്മെന്റ് ആൻഡ് ജനറ്റിക്സ്, ന്യൂറോ സയൻസസ്, ഓർഗാനിക് കെമിസ്ട്രി, ഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ആൻഡ് സ്ട്രക്ചറൽ കെമിസ്ട്രി എന്നീ മേഖലകളിൽ ഗവേഷണാവസരം ഉണ്ട്. ഇന്റർഡിസിപ്ലിനറി മേഖലകൾ, എൻജിനിയറിങ് ഫാക്കൽറ്റിയിലെ എം.ടെക് (റിസർച്ച്), പിഎച്ച്.ഡി ഗവേഷണമേഖലകൾ എന്നിവ https://iisc.ac.in/admissions/ലുണ്ട്.

എക്സ്റ്റേണൽ രജിസ്ട്രേഷൻ പിഎച്ച്.ഡി. സ്കീമിൽ അംഗീകൃത റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ/ഇൻഡസ്ട്രി പ്രൊഫഷണലുകൾ, എൻജിനിയറിങ്, അഗ്രിക്കൾച്ചറൽ, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, മെഡിക്കൽ കോളേജുകൾ സർവകലാശാല എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. റെഗുലർ അപേക്ഷകർക്കു ബാധകമായ വിദ്യാഭ്യാസയോഗ്യത വേണം. അപേക്ഷ https://admissions.iisc.ac.in/ വഴി മാർച്ച് 22 രാത്രി 11.59 വരെ നൽകാം.