മഴക്കാലമായതോടെ മിക്കയാളുകളും നേരിടുന്ന വലിയൊരു പ്രശ്നം തുണി ഉണക്കിയെടുക്കാൻ സാധിക്കുന്നില്ല എന്നതാണ്. വെയിൽ കാണുമ്പോൾ തുണിയെടുത്ത് പുറത്തിടും. എന്നാൽ പെട്ടന്നുള്ള മഴ തുണി മുഴുവൻ നനച്ചുകളയുന്നു. അതിനാൽത്തന്നെ ചിലപ്പോൾ ദിവസങ്ങളെടുത്താലായിരിക്കും തുണി ഉണങ്ങുക.
തുണി പെട്ടന്നുണക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. ടവ്വൽ റോളിംഗ് രീതിയാണ് ഒരു നുറുങ്ങുവിദ്യ. ഇതിനായി വെള്ളം പെട്ടന്നുവലിച്ചെടുക്കുന്ന ഉണങ്ങിയ ബാത്ത് ടവൽ എടുക്കുക. ഇതിന്റെ നടുവിലായി നനഞ്ഞ വസ്ത്രം വിരിച്ചിടുക.
ശേഷം ടവ്വലും വസ്ത്രവും ചുരുട്ടിയെടുക്കുക. ഇനി തുണി പിഴിയുന്നതുപോലെ ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ തുണിയിലെ വെള്ളം ഒരു പരിധിവരെ ബാത്ത് ടവ്വലിലാകും. ശേഷം ഫാനിന് താഴെ വിരിച്ചിട്ടുകൊടുക്കാം. പെട്ടെന്നുതന്നെ തുണി ഉണങ്ങും.
ഇപ്പോൾ വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. അതിനാൽത്തന്നെ മെഷീനിൽ നന്നായി വെള്ളം കളഞ്ഞ ശേഷം നല്ല കാറ്റും വെളിച്ചവും കിട്ടുന്നൊരു മുറിയിൽ ഡ്രൈയിംഗ് റാക്കിലോ അയയിലോ തുണി വിരിക്കാം. മാത്രമല്ല കഴിവതും ഭാരം കുറഞ്ഞതും എളുപ്പത്തിൽ വെള്ളം പോകുന്നതുമായ തുണികൾ ഉപയോഗിക്കുക.
ഹെയർ ഡ്രയർ ഉപയോഗിച്ചും തുണി ഉണക്കാൻ സാധിക്കും. ഒന്നോ രണ്ടോ തുണിയേ ഉണക്കാനുള്ളൂവെങ്കിൽ ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കാം. പക്ഷേ വളരെ ശ്രദ്ധയോടെ വേണം ഇതുചെയ്യാൻ.
