എന്‍.സി.സി. കേഡറ്റുകള്‍ക്ക് പ്രത്യേക പരിഗണന: സര്‍വകലാശാലകളില്‍ പ്രത്യേക പരീക്ഷ വരുന്നു

രാഷ്ട്രപുനർനിർമാണത്തിനും സേവനത്തിനുമായി സമയം മാറ്റിവെക്കുന്ന കലാലയവിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകാൻ യു.ജി.സി. എൻ.സി.സി. പ്രവർത്തനത്തിന്റെ ഭാഗമായി സെമസ്റ്റർ പരീക്ഷയെഴുതാൻ പറ്റാതെപോകുന്നവർക്കാണ് ആനുകൂല്യം. ഇവർക്കായി പ്രത്യേകം പരീക്ഷകൾ നടത്താൻ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറാകണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുകയെന്നത് എൻ.സി.സി. കേഡറ്റുകളുടെ മികവായാണ് വിലയിരുത്തുന്നത്. എന്നാലിതിന് ഏറെക്കാലത്തെ പരിശീലനവും തയ്യാറെടുപ്പും വേണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി മൂന്നുതല ക്യാമ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. പത്തുദിവസം നീളുന്ന ഓരോ ക്യാമ്പും വിജയകരമായാൽ മാത്രമേ അടുത്തതിലേക്ക് പ്രവേശിക്കാനാകൂ. അതായത് റിപ്പബ്ലിക്ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും പരിശീലനം നിർബന്ധം.

സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാകുമിത്. കോവിഡ് കാലത്ത് ഏറെക്കാലമായി മാറ്റിവെച്ചിരുന്ന പരീക്ഷകൾ കൂട്ടത്തോടെ നടത്തിയപ്പോഴാണ് വലിയ പ്രശ്നമായത്. പല കേഡറ്റുകൾക്കും ഒന്നിലധികം പരീക്ഷകൾ നഷ്ടമായി. ചില കുട്ടികൾ പരീക്ഷയെഴുതുന്നതിനായി എൻ.സി.സി. പ്രവർത്തനങ്ങളിൽനിന്ന് വിട്ടും നിന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ഉയർന്നത്. എൻ.സി.സി. പ്രവർത്തനം കാരണം കുട്ടികൾക്ക് ഒരു കാരണവശാലും സെമസ്റ്ററുകൾ നഷ്ടപ്പെടാൻ പാടില്ല.ഇത്തരം പരീക്ഷകൾ പുനഃപരീക്ഷയായിരിക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights