ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്‌റു റ്രോഫി മത്സരവള്ളംകളി ഈ വർഷം നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ വള്ളംകളി പ്രേമികളും ക്ലബ് ഭാരവാഹികളും ആവേശത്തിലായി. ആലപ്പുഴ ടൂറിസം ഓഫീസിൽ കൂടിയ വള്ളംകളി ഭാരവാഹികളുടെയും വിനോദ സഞ്ചാര വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ വർഷം നെഹ്റുട്രോഫി നടത്തുമെന്ന് ഉറപ്പു നൽകിയത്.2018, 2019 വർഷങ്ങളിലെ നെഹ്‌റു ട്രോഫി പ്രളയത്തെ തുടർന്നു മാറ്റിവയ്ക്കേണ്ടി വന്നതും കഴിഞ്ഞവർഷം കോവിഡ് മൂലം മത്സരം ഉപേക്ഷിച്ചതും ക്ലബ്ബുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. കടക്കെണിയിലായ ക്ലബുകൾക്ക് ഇനിയും കളിവളം എടുത്ത് മത്സരസജ്ജമാകാൻ ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ വർഷം തുഴഞ്ഞ ചുണ്ടൻ വള്ളങ്ങൾതന്നെ കൊണ്ടുവന്നു തുഴയാനാണു ക്ലബ്ബുകൾ ശ്രമിക്കുന്നത്.

കുമരകം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, വേമ്പനാട് ബോട്ട് ക്ലബ്, എൻസിഡിസി കൈപ്പുഴമുട്ട് തുടങ്ങിയ ക്ലബ്ബുകളാണു കുമരകത്തുനിന്ന് കഴിഞ്ഞവർഷം ചുണ്ടൻ വള്ളത്തിൽ പരിശീലനം നടത്തിയത്. സിബിഎൽ നടത്താനായി സർക്കാർ 20 കോടി രൂപ മാറ്റിവച്ചതു ക്ലബ്ബുകൾക്ക് ഏറെ ആശ്വാസകരമാണ്. നെഹ്രു ട്രോഫിയെ തുടർന്ന് സിബിഎൽ മത്സരം നടത്തിയെങ്കിൽ മാത്രമേ കടക്കെണിയിലായ ക്ലബ്ബുകൾക്കു പിടിച്ചു നിൽക്കുവാനാകൂ
എന്നാണ് ക്ലബ് ഭാരവാഹികൾ മന്ത്രിയെ അറിയിച്ചത്. കോവിഡിനെ തുടർന്നു കഴിഞ്ഞവർഷം സംസ്ഥാനത്തെ ഒരു മത്സരജലമേളയും നടത്താൻ കഴിയാതിരുന്നതിനാൽ വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഗ്രാൻഡ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു