യുകെയിലെ നാഷണൽ ക്രൈം ഏജൻസി, നാഷണൽ സൈബർ ക്രൈം യൂണിറ്റ് ഉൾപ്പടെയുള്ള നിയമപാലന ഏജൻസികൾ ചേർന്ന് മോഷ്ടിക്കപ്പെട്ട പാസ് വേഡുകൾ, ഇമെയിൽ ഐഡികൾ എന്നിവയുടെ വൻ ശേഖരം കണ്ടെത്തി. ഹാക്ക് ചെയ്ത ക്ലൗഡ് സ്റ്റോറേജിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ആഗോള തലത്തിലുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളെ ബാധിക്കുന്ന ചോർച്ചയാണിത്. 22.5 കോടി പാസ്വേഡുകൾ ഇക്കൂട്ടത്തിലുണ്ട്. കണ്ടെത്തിയവ ‘Have I Been Pwned’ (HIBP) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകൾക്ക് അവരുടെ ഇമെയിൽ ഐഡികളും പാസ് വേഡുകളും സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ സാധിക്കുന്ന സൗജന്യ ഓൺലൈൻ സേവനമാണ് ‘Have I Been Pwned’ (HIBP). പോലീസ് കണ്ടെത്തിയ പാസ് വേഡുകളുടേയും ഇമെയിൽ ഐഡികളുടേയും ശേഖരം ഇതിലുണ്ട്.

ചോർന്നു പോയ ഇമെയിൽ ഐഡികളുടേയും പാസ് വേഡുകളുടേയും ശേഖരം സൈബർ കുറ്റവാളികളെ സംബന്ധിച്ച് ഒരു നിധിശേഖരമാണ്. അവരുടെ പാസ് വേഡ് ട്രാക്കിങ് അൽഗൊരിതത്തെ പരിശീലിപ്പിക്കാൻ ഈ പാസ് വേഡ് ശേഖരം ഉപയോഗിക്കാം. മറ്റൊരാളുടെ ബാങ്കിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിനുള്ള പാസ് വേഡ് കണ്ടെത്താൻ ഈ അൽഗൊരിതം ഉപയോഗിച്ച് സാധിക്കും.ഇങ്ങനെ ചോർന്നുപോയ ഇമെയിൽ ഐഡികളും പാസ് വേഡുകളും ‘Have I Been Pwned’ (HIBP) വെബ്സൈറ്റിൽ പോലീസ് പ്രസിദ്ധീകരിക്കുമ്പോൾ നമ്മൾക്ക് നമ്മളുടെ പാസ് വേഡുകളും ഇമെയിൽ ഐഡികളും ചോർന്നിട്ടുണ്ടോ എന്നും നിങ്ങളുടെ ഇമെയിൽ ഐഡിയോ പാസ് വേഡുകളോ സൈബർ കുറ്റവാളികളുടെ ഡാറ്റാശേഖരത്തിൽ ഉണ്ടോ എന്ന് മനസിലാക്കാൻ സാധിക്കും. അങ്ങനെ ഉണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങൾ പ്രധാനപ്പെട്ട സേവനങ്ങളുടെ പാസ് വേഡുകൾ മാറ്റാനും സാധിക്കും.

https://haveibeenpwned.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.നിങ്ങളുടെ ഇമെയിൽ ഐഡി നൽകി ‘pwned?’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. ആ ഡാറ്റാബേസിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉണ്ടെങ്കിൽ വെബ്സൈറ്റ് നിങ്ങളെ അറിയിക്കും. നിങ്ങളുടെ മൊബൈൽ നമ്പറും ഇതേ രീതിയിൽ പരിശോധിക്കാം. പാസ് വേഡുകൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വെബ്സൈറ്റിലെ മുകളിലുള്ള ഓപ്ഷനുകളിൽ Passwords എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ പാസ് വേഡുകൾ ടൈപ്പ് ചെയ്ത് ‘pwned?’ ബട്ടൻ ക്ലിക്ക് ചെയ്യുക.

ഇമെയിൽ ഐഡി, പാസ് വേഡ് എന്നിവ സംബന്ധിച്ച് Have I Been Pwned വെബ്സൈറ്റ് മുന്നറിയിപ്പ് നൽകിയാൽ ഉടൻ തന്നെ നിങ്ങളുടെ പാസ് വേഡ് മാറ്റുക. പകരം സങ്കീർണമായ മറ്റൊരു പാസ് വേഡ് ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ടകാര്യം, ഈ വെബ്സൈറ്റ് നിങ്ങളുടെ ഇമെയിൽ ഐഡിയോ പാസ് വേഡോ തിരിച്ചറിഞ്ഞാൽ അതിനർത്ഥം നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നല്ല. മറിച്ച് നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ് വേഡും സൈബർ കുറ്റവാളികളുടെ റഡാറിനുള്ളിലുണ്ട് എന്നാണ്. പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുടെ പാസ് വേഡുകളും ഇമെയിൽ ഐഡിയും മാറ്റുക. സോഷ്യൽ മീഡിയാ വെബ്സൈറ്റുകൾ, ഇമെയിൽ ഐഡികൾ, ബാങ്കിങ് അക്കൗണ്ടുകൾ എന്നിവയ്ക്ക് സമാനമായ പാസ് വേഡുകൾ ഉപയോഗിക്കാതിരിക്കുക.