Present needful information sharing
ഊട്ടി-മേട്ടുപ്പാളയം പൈതൃകത്തീവണ്ടി രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കൂകിപ്പാഞ്ഞു. വണ്ടിനിറയെ വിനോദസഞ്ചാരികളുമായാണ് ബുധനാഴ്ച സർവീസ് നടത്തിയത്.
മേട്ടുപ്പാളയത്തുനിന്ന് രാവിലെ 7.10-നാണ് 160 സഞ്ചാരികളുമായി യാത്ര തുടങ്ങിയത്. റിസർവേഷൻ ടിക്കറ്റുള്ളവർക്കുമാത്രമാണ് യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞ് ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്കുള്ള തീവണ്ടിയിലും സീറ്റുകൾ നിറഞ്ഞിരുന്നു.
നാല് കോച്ചുകളുള്ള തീവണ്ടിയിൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് സീറ്റുകൾ മാത്രമാണുള്ളത്. ജനുവരി 10 വരേയ്ക്കുള്ള റിസർവേഷൻ ടിക്കറ്റ് ഇതിനകം പൂർണമായി വിറ്റഴിഞ്ഞു. മേട്ടുപ്പാളയം-ഊട്ടി സെക്കൻഡ് ക്ലാസ് നിരക്ക് 295 രൂപയും ഫസ്റ്റ് ക്ലാസ് നിരക്ക് 600 രൂപയുമാണ്. മഴയും പാതയിലെ മണ്ണിടിച്ചിലുംമൂലം ഒക്ടോബർ 23-നാണ് പൈതൃകത്തീവണ്ടിയാത്ര നിർത്തിവെച്ചത്.