സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി 2025- 26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്-സൈറ്റുകളിൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.

ജൂണിലെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം.
ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാകാൻ ഒരു ദിവസം കൂടി നീട്ടി നൽകിയിരുന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂർത്തിയായത്. ഇതേത്തുടർന്ന് ഇ പോസ് യന്ത്രങ്ങൾ സജ്ജമാക്കാൻ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അധികൃതർ അറിയിച്ചതിനെ തുടർന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
“ഈ മാസവും വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി റേഷൻ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കിൽ നൽകും. സ്പെഷൽ വിഹിതമായി നീല കാർഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷൻ കടകൾക്ക് നാളെ അവധിയാണ്.

ഇടുക്കി ജില്ലയിലേക്കും റെയില്‍പാത.
പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലെയില്‍ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കുവരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.
ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും വികസനത്തിന്റെയും പുതുലോകം കേരളത്തിനു മുന്നില്‍ തുറക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ സഹായമാകുന്നതാണ് പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനമാകുകയും ചെയ്യും. ഇടുക്കി ജില്ലയെ റെയില്‍വേയുമായി കണ്ണിചേര്‍ക്കുന്ന പ്രഥമ പാതയെന്ന പ്രത്യേകതയുമുണ്ട്.
അങ്കമാലി മുതല്‍ എരുമേലിവരെ 111.48 കിലോമീറ്റർ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. എട്ട് കിലോമീറ്റർ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയില്‍ ഏഴ് കിലോമീറ്റർ നിര്‍മാണവും നടന്നതാണ്.

അങ്കമാലി- എരുമേലി പാത 111.48 കി.മീ
പാത അങ്കമാലി മുതല്‍ എരുമേലി വരെ. 111.48 കി.മീ ദൈര്‍ഘ്യം. പദ്ധതി നിർദേശിച്ചത് 1997-98 റെയില്‍വേ ബജറ്റില്‍
14 സ്റ്റേഷനുകൾ
ഇടുക്കി ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ അഞ്ചും സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 14 സ്റ്റേഷനുകൾ
ഏറ്റെടുത്ത ഭൂമി എട്ടു കി.മീ
എട്ടു കിലോമീറ്റർ പാതക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്തു.
പൂർത്തിയായത് ഏഴു കിലോമീറ്റർ
അങ്കമാലിക്കും കാലടിക്കും ഇടയില്‍ പെരിയാറിലെ പാലം ഉൾപ്പെടെ ഏഴു കിലോമീറ്റർ പാത നിര്‍മാണം പൂർത്തിയായി
പ്രാഥമിക സർവേ, കല്ലിടൽ നടത്തി
ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രാഥമിക സർവേയുടെ ഭാഗമായി കല്ലിടൽ നടത്തിയിട്ടുണ്ട് .
ഹോം ഗാർഡ് ആയി ജോലി ചെയ്യാന്‍ തയ്യാറാണോ? വിദ്യാഭ്യാസ യോഗ്യത പത്താക്ലാസ് മാത്രം.
കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 35 വയസ്സിനും 58 വയസിനും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായവരിൽ നിന്ന് ജില്ലാ ഫയർ ഓഫസീറുടെ കാര്യാലയമാണ് അപേക്ഷ ക്ഷണിച്ചത്.
ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളിൽനിന്നോ, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എൻഎസ്ജി, എസ്എസ്ബി, അസം റൈഫിൾസ് തുടങ്ങിയ അർദ്ധ സൈനിക സേനകളിൽനിന്നോ, കേരളാ പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നോ വിരമിച്ച പുരഷ/വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.
കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽനിന്നും പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകി റാങ്ക്പട്ടികതയാറാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂൺ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോട്ടയം ജില്ലാ ഫയർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2567442

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, തീരുമാനം മന്ത്രിസഭായോഗത്തിൽ.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്.
നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

പിൻകോഡുകൾക്ക് വിട പറയാം!! DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്.
പരമ്പരാഗത പിൻകോഡുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മേൽവിലാസത്തിനും പ്രത്യേക DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമാണിത്. ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് തപാൽ വകുപ്പ് ആൽഫാന്യൂമെറിക് കോഡ് വികസിപ്പിച്ചെടുത്തത്. https://dac.indiapost.gov.in/mydigipin/home സന്ദർശിച്ചാൽ ഉപയോക്താക്കൾക്ക് സ്വന്തം മേൽവിലാസത്തിന്റെ DIGIPIN ലഭിക്കും.
എന്താണ് DIGIPIN?
ജിയോകോഡഡ് അഡ്രസിംഗ് സിസ്റ്റമാണ് ഡിജിപിൻ. ഇത് ഇന്ത്യയെ ഏകദേശം 4 മീറ്റർ x 4 മീറ്റർ ഗ്രിഡുകളായി (വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ മുതലായവ) വിഭജിക്കുകയും അക്ഷാംശ, രേഖാംശങ്ങളെ അടിസ്ഥാനമാക്കി ഓരോ ഗ്രിഡിനും 10 അക്ഷരങ്ങളും അക്കങ്ങളും ചേർന്ന കോഡ് നൽകുകയും ചെയ്യുന്നു.
പ്രധാന നേട്ടങ്ങൾ:
മേൽവിലാസത്തിന് പകരം ഡിജിപിൻ ഉപയോഗിക്കാം. പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവ ചേർന്നതാണ് ഒരു സാധാരണ തപാൽ വിലാസം. പ്രദേശികമായ പരിചയം വച്ചാണ് പോസ്റ്റുമാൻ മിക്കപ്പോഴും വിലാസം കണ്ടെത്തുന്നത്. എന്നാൽ ഡിജിപിന്നിലൂടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം തിരിച്ചറിയാൻ സാധിക്കും.
സ്വകാര്യ ഏജൻസികൾക്കും ഡിജിപിൻ സഹായകമാകും. ഓൺലൈൻ ഡെലിവറികളും അടിയന്തര സേവനങ്ങളുടെയും കാര്യക്ഷമത വർദ്ധിക്കും.
ഡിജിപിന്നിൽ വ്യക്തിഗത വിവരങ്ങൾ ലഭിക്കില്ല. ഇതിലൂടെ ലൊക്കേഷൻ മാത്രമേ ലഭിക്കൂ.
ഡിജിപിൻ ഓഫ്‌ലൈനിലും ഉപയോഗിക്കാം
DIGIPIN ഉപയോഗിച്ചാൽ തപാൽ വിലാസം മാറുമോ?
തപാൽ വിലാസം അതേപടി തുടരും. തപാൽ വിലാസത്തിനൊപ്പമുള്ള അധിക സംവിധാനമാണിത്. ഡിജിപിൻ വ്യാപകമാകുന്നതോടെ അഞ്ചും ആറും വരിയുള്ള തപാൽ വിലാസത്തിന്റെ ആവശ്യകത കുറയും.

വാഷിംങ് മെഷീനില്‍ എത്ര കിലോ വസ്ത്രങ്ങള്‍ ഇടാം.
വസ്ത്രങ്ങള്‍ കഴുകുമ്പോഴുള്ള ഈ ഒരു തെറ്റ് മതി വാഷിംങ് മെഷീന്‍ കേടാകാനും വൈദ്യുതി ബില്ല് കൂടാനും.
വാഷിംങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുത ബില്ല് കൂടുന്നു എന്ന പരാതി പലര്‍ക്കും ഉണ്ട്.
വാഷിംങ് മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തുണി അലക്കല്‍ എന്ന അമിത ജോലിഭാരം പലര്‍ക്കും കുറഞ്ഞിട്ടുണ്ട്. പലരും തുണി അലക്കാന്‍ ഇന്ന് വാഷിംങ് മെഷീന്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. പല തരത്തിലുള്ള മെഷീനുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യവുമാണ്. എന്നാല്‍ വാഷിംങ് മെഷീനില്‍ തുണി അലക്കുമ്പോള്‍ എങ്ങനെ മെഷീന്‍ ഉപയോഗിക്കണമെന്ന് അറിയാത്ത ആളുകള്‍ ധാരാളമാണ്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട തെറ്റാണ് മെഷീനില്‍ വസ്ത്രങ്ങള്‍ ഇടാനുളള കപ്പാസിറ്റിയെക്കുറിച്ചുളള അളവ്. മെഷീന്റെ വൈവിധ്യത്തോടൊപ്പം വസ്ത്രങ്ങള്‍ ലോഡ് ചെയ്യാനുള്ള ശേഷിയും വ്യത്യസപ്പെട്ടിട്ടുണ്ടാവും. കഴുകാനുള്ള എല്ലാ വസ്ത്രങ്ങളും കൂടി ഒരുമിച്ച് മെഷീനിലേക്ക് ഇട്ട് പെട്ടെന്ന് പണിതീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വസ്ത്രങ്ങള്‍ വൃത്തിയാകുന്നുണ്ടോ എന്ന് പോലും ചിന്തിക്കാറില്ല.

വാഷിംങ് മെഷീനില്‍ എത്ര കിലോ വസ്ത്രങ്ങള്‍ ഇടാം
അഞ്ച് കിലോഗ്രാം മുതല്‍ ഏഴ് കിലോഗ്രാം വരെ ഭാരമുളള വാഷിംങ് മെഷീനില്‍ അഞ്ച് കിലോ വരെ ഇടാവുന്നതാണ്. മെഷീന്റെ വലിപ്പത്തിനനുസരിച്ച് അളവും വര്‍ധിക്കും. മെഷീന് 6 കിലോഗ്രാം വരെ ശേഷിയുണ്ടെങ്കില്‍ 810 കനം കുറഞ്ഞ വസ്ത്രങ്ങള്‍ കഴുകാന്‍ സാധിക്കും. അതില്‍ ടീഷര്‍ട്ടുകള്‍, ഷര്‍ട്ടുകള്‍ ഇവയൊക്കെ ഉള്‍പ്പെടുത്താവുന്നതാണ്. മെഷീന്റെ ഭാരം 9 കിലോയില്‍ കൂടുതലാണെങ്കില്‍ ചില ഭാരമുളള വസ്ത്രങ്ങള്‍ ഉള്‍പ്പടെ 16എണ്ണം വരെ കഴുകാവുന്നതാണ്.
“വാഷിംഗ് മെഷീനില്‍ ഒരിക്കലും നിറയെ വെള്ളം നിറയ്ക്കരുത്. എപ്പോഴും നാലില്‍ മൂന്ന് ഭാഗത്ത് മാത്രമേ വെള്ളം നിറയ്ക്കാവൂ. വസ്ത്രങ്ങള്‍ ഇട്ട് കഴിയുമ്പോള്‍ കൈ കൊണ്ട് പരിശോധിച്ച് നോക്കിയാല്‍ അതില്‍ സ്ഥലമുണ്ടോ എന്ന് മനസിലാകുമല്ലോ. അതനുസരിച്ച് വസ്ത്രങ്ങള്‍ വീണ്ടും ഇടുകയോ എടുത്ത് മാറ്റുകയോ ചെയ്യാം. കുത്തി നിറച്ച് വസ്ത്രങ്ങള്‍ ഇടുമ്പോള്‍ വസ്ത്രങ്ങള്‍ ശരിയായി കഴുകാന്‍ സാധിക്കില്ല. ഇത് മെഷീന്‍ പരിധിയില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാനും പെട്ടെന്ന് കേടുപാടുകള്‍ ഉണ്ടാകാനും വൈദ്യുതി കൂടുതല്‍ ഉപയോഗിക്കാനും കാരണമാകും

ടിക്കറ്റ് ബുക്കിങ്ങിന് പുതിയ ആപ്പുമായി ഇന്ത്യൻ റെയിൽവേ; ‘സ്വറെയിൽ’ ഉപയോഗിക്കുന്നത് ഇങ്ങനെ
യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിന് പുതിയ ആപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ. ‘SwaRail’ എന്നാണ് പുതിയ ആപ്പിന്റെ പേര്. ആൻഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് ഡിവൈസുകളിലും ഈ ആപ്പ് ലഭ്യമാണ്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടാതെ, പി എൻ ആർ സ്റ്റാറ്റസ് ചെക്ക്, ഭക്ഷണം ഓർഡർ ചെയ്യാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിൽ തന്നെയാണ് സ്വാറെയിൽ ആപ്പ് ഡെവലപ്പ് ചെയ്തെടുത്തത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് ഡെവലെപ്പ് ചെയ്തെടുത്തത്. നേരത്തെ ഉണ്ടായിരുന്നു ഐആർസിടിസി ആപ്പിൽ ട്രെയിൻ ടിക്കറ്റ് ഇപ്പോഴും ബുക്ക് ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നത്. വൈകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
സ്വാറെയിൽ ആപ്പിൽ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം ?
ആദ്യം തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഐആർസിടിസി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. പഴയ ഐആർസിടിസി ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിൽ നൽകിയിരിക്കുന്ന ഐഡിയും പാസ് വേർഡും ഇതിൽ ലോഗിൻ ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഐആർസിടിസി അക്കൗണ്ട് ഇല്ലെങ്കിൽ പുതുതായി ഒരെണ്ണം ക്രിയേറ്റ് ചെയ്യുക.”

ഒരിക്കൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ ജേർണി പ്ലാനർ കോളത്തിൽ റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്ഫോം എന്നിങ്ങനെ മൂന്ന് ഓപ്ഷൻ കാണാം. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനായി റിസർവ്ഡ് എന്നത് തിരഞ്ഞെടുക്കാം.
അതിനു ശേഷം ഏത് സ്റ്റേഷനിൽ നിന്ന് ഏത് സ്റ്റേഷനിലേക്കാണ് പോകേണ്ടത്, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീയതി, ഏത് ക്ലാസ്, ഏത് ക്വോട്ട എന്നിങ്ങനെയുള്ള വിശദാംശങ്ങൾ നൽകുക. എല്ലാം കൃത്യമായി കൊടുത്ത് കഴിഞ്ഞാൽ സെർച്ച് ചെയ്തു തുടങ്ങുക. അതേസമയം, ഒരു പുതിയ പേജ് ഓപ്പൺ ആകുകയും അതിൽ ആ ദിവസമുള്ള ട്രെയിനുകളുടെ ലിസ്റ്റ് വരികയും ചെയ്യും. ട്രെയിൻ തിരഞ്ഞെടുത്ത് ക്ലാസും കോച്ചും തിരഞ്ഞെടുത്ത് കഴിയുമ്പോൾ അടുത്ത് വെബ് പേജ് ഓപ്പൺ ചെയ്യും.
ഈ പേജിൽ ബോർഡിങ് സ്റ്റേഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അതിനു ശേഷം യാത്രക്കാരന്റെ വിശദാംശങ്ങളും കോൺടാക്ട് വിശദാംശങ്ങളും നൽകുക. ഐആർസിടിസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഇ – മെയിൽ ഐഡിയിലേക്കും ഫോൺ നമ്പറിലേക്കും ഇ-ടിക്കറ്റ് ലഭിക്കുന്നത് ആയിരിക്കും. ബിസിനസ് ബുക്കിങ് ആണെങ്കിൽ ജി എസ് ടി നമ്പർ നൽകാവുന്നതാണ്. എല്ലാം പൂർത്തിയായി കഴിഞ്ഞാൽ റിവ്യൂ ജേർണി ഡിറ്റയിൽസ് പരിശോധിക്കുക.

ആ സമയത്ത് പുതിയൊരു പേജ് വരികയും പണം അടയ്ക്കുന്നതിന് മുമ്പുള്ള അന്തിമപരിശോധന ആവശ്യപ്പെടുകയും ചെയ്യും. പേര്, യാത്ര ചെയ്യുന്ന തീയതി, സ്റ്റേഷന്റെ പേര് എല്ലാം കൃത്യമാണോയെന്ന് അവസാനമായി പരിശോധിക്കാം. അതിനു ശേഷം താഴെ കാണുന്ന ‘ഫെയർ ബ്രേക്കപ്പ്’ തിരഞ്ഞെടുക്കുക. കാപ്ച നൽകിയതിനു ശേഷം ബുക്ക് നൗ കൊടുത്ത് മുന്നോട്ടു പോകാം. ആർ വാലറ്റ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിങ്ങനെ ഏത് സംവിധാനത്തിലൂടെയും പണം അടയ്ക്കാവുന്നതാണ്. സ്വാറെയിൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീ നൽകേണ്ടതുണ്ട്. യുപിഐ വഴിയാണെങ്കിൽ 23.6 രൂപയും നോൺ – യു പിഐ വഴിയാണെങ്കിൽ 35.4 രൂപയുമാണ് കൺവീനിയൻസ് ഫീ.”
ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ടിക്കറ്റ് കാണുന്നതിനായി ഹോം പേജിലെ മൈ ബുക്കിങ്സ് തിരഞ്ഞെടുക്കുക. ഏറ്റവും അടുത്ത ബുക്കിങ് തിരഞ്ഞെടുത്ത് വ്യൂ ഡീറ്റെയിൽസ് നൽകുക”

അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ്.
സ്കൂൾ തുറന്നു, കുട്ടികൾക്ക് ഇഷ്ടപ്പെട്ടത് എളുപ്പത്തിൽ എങ്ങനെ തയാറാക്കാം എന്നതാണ് മിക്ക അമ്മമാരുടെയും ചിന്ത. എന്നാൽ തിരക്കിനിടയിൽ ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനായി അരിയു ഉഴുന്നും വെള്ളത്തിൽ കുതിർക്കാൻ മറന്നുപോയാലോ? ടെൻഷൻ വേണ്ട, ഒരു വിദ്യ പറഞ്ഞു തരാം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
ഉഴുന്നുപൊടി – 1 കപ്പ്
ഗോതമ്പുപൊടി – 2 കപ്പ്
അരിപ്പൊടി – 1 കപ്പ്
ചോറ് – ഒരു പിടി
വെള്ളം – ആവശ്യത്തിന്(ഏകദേശം 3 കപ്പ്)
ഉപ്പ് – ആവശ്യത്തിന്”

“തയാറാക്കുന്ന വിധം
ഉഴുന്ന് കഴുകി ഉണക്കിയ ശേഷം പൊടിക്കുക (ഈ പൊടി വായു കടക്കാത്ത പാത്രത്തിൽ ഒരു മാസം വരെ സൂക്ഷിക്കാം). ഒരു വലിയ പാത്രത്തിൽ ഗോതമ്പുപൊടി, അരിപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഒരുപിടി ചോറ് കുറച്ചു വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് പൊടിയിലേക്കു ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം (ഇതിലേക്കു 2½ മുതൽ 3 കപ്പ് വരെ വെള്ളം ഉപയോഗിക്കാം). മാവ് വളരെ അയഞ്ഞതോ കട്ടിയുള്ളതോ ആകരുത്.
ഇത് 8 മുതൽ 10 മണിക്കൂർ വരെ മൂടി വയ്ക്കുക. മാവ് പൊങ്ങി വന്നാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക.

ശാരീരിക-ബൗദ്ധിക വളർച്ച അറിയാം അങ്കണവാടികളിൽ ‘കുഞ്ഞൂസ് കാർഡ്.
സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്കായി ‘കുഞ്ഞൂസ് കാർഡ്’ വരുന്നു. കുഞ്ഞിന്റെ പ്രായത്തിനനുസൃതമായി ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച മനസ്സിലാക്കാൻ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് കുഞ്ഞൂസ് കാർഡ്. 33,115 അങ്കണവാടികളിലായി എത്തുന്ന അഞ്ചുലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് ഇത് പ്രയോജനപ്പെടും. വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗവിദഗ്ധരും തിരുവനന്തപുരം ശിശുവികസന കേന്ദ്രത്തിലെ വിദഗ്ധരും ഉൾപ്പെടുന്ന സാങ്കേതികസമിതിയാണ് കാർഡിന് രൂപം നൽകിയത്.
വളർച്ചാവ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയവികാസം കൂടി തിരിച്ചറിയേണ്ടതുണ്ട്. അതിനായി സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തും. ദന്താരോഗ്യവും വിലയിരുത്തും. മൂന്നുമാസം കൂടുമ്പോൾ കുഞ്ഞിന്റെ വളർച്ചയും വികാസവും വിലയിരുത്തേണ്ടതിനാൽ ഉയരവും തൂക്കവും നാലുതവണയായി കാർഡിൽ രേഖപ്പെടുത്തും. കുഞ്ഞിന് ഉണ്ടാകാൻ സാധ്യതയുള്ള അലർജി, കുത്തിവെപ്പിന്റെ വിവരങ്ങൾ, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം, തലയുടെ ചുറ്റളവ്, രക്തഗ്രൂപ്പ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കാർഡിൽ ചേർക്കും.

