പിടിവിട്ട് വെളിച്ചെണ്ണവില; ലിറ്ററിന് 350 രൂപയായി.
തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോൾ പകച്ച് വെളിച്ചെണ്ണവിപണി. ദിവസംതോറും വിലകൂടുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കി. ഇത് മുതലെടുത്ത് മായംകലർന്ന വെളിച്ചെണ്ണയും വിപണിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില ലിറ്ററിന് 350 രൂപയാണ്. ഒരുവർഷംകൊണ്ട് കൂടിയത് ഇരട്ടിയോളം. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകർക്ക് പ്രവർത്തനമൂലധനത്തിൽ വലിയ വർധനവന്നു. നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളിൽ ചിലതൊക്കെ ഇപ്പോൾ പിടിച്ചുനിൽക്കുന്നത് വെളിച്ചെണ്ണ ഉത്പാദിപ്പിച്ചാണ്. കൂടാതെ സഹകരണസ്ഥാപനങ്ങളും വെളിച്ചെണ്ണമില്ലുകൾ നടത്തുന്നുണ്ട്. ഇവയെല്ലാം നിലവിൽ കടുത്തപ്രതിസന്ധിയാണ് നേരിടുന്നത്.
പണം ചെലവഴിച്ചാലും ആവശ്യത്തിന് തേങ്ങകിട്ടാത്ത സ്ഥിതി. ഇന്നത്തെ തേങ്ങവിലവെച്ച്, ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 345 രൂപ ഉത്പാദനച്ചെലവ് വരുമെന്ന് വടകര കോക്കനട്ട് കമ്പനി ചെയർമാൻ ഇ. ശശീന്ദ്രൻ പറഞ്ഞു. വിപണിയിലെത്തുമ്പോൾ വില വീണ്ടും കൂടും. വലിയതോതിലുള്ള ഉത്പാദനവും ഇപ്പോൾ സാധ്യമാകുന്നില്ല. വില കുറയുമോ എന്ന ആശങ്കകാരണം പലമില്ലുകളും കുറച്ച് തേങ്ങമാത്രം വാങ്ങിയാണ് ഉത്പാദനം. ഇതിനാണെങ്കിൽ പഴയപോലെ വിപണിയുമില്ല. വടകര കോക്കനട്ട് കമ്പനി നേരത്തേ 20,000 ലിറ്റർ വെളിച്ചെണ്ണ മാസം വിതരണം ചെയ്തിരുന്നു. ഇപ്പോൾ ഇത് പതിനായിരമായി കുറഞ്ഞു.

വ്യാജൻവരുന്ന വഴി
വെളിച്ചെണ്ണയുടെ വിലക്കയറ്റമാണ് വ്യാജന്മാർ മുതലെടുക്കുന്നത്. വിലകുറഞ്ഞ വെളിച്ചെണ്ണ ഏതാണെന്നാണ് ഇപ്പോൾ പലരും അന്വേഷിക്കുന്നത്. ഇതോടെ നല്ല വെളിച്ചെണ്ണ പുറത്തായി. ഓഫറുകളെന്നപേരിൽ വിലകുറച്ച് വെളിച്ചെണ്ണ വിൽക്കുന്നുണ്ട്. ഇതിലെല്ലാം വ്യാജന്റെ സാന്നിധ്യമുണ്ടെന്നാണ് സംശയം. വ്യാജവെളിച്ചെണ്ണ വിപണികീഴടക്കുന്നതായി ചൂണ്ടിക്കാണിച്ച് അടുത്തിടെ കേരഫെഡ് രംഗത്തെത്തിയിരുന്നു.
പാം കെർണൽ ഓയിലും മറ്റ് വിലകുറഞ്ഞ എണ്ണചേർത്തതുമായ വെളിച്ചെണ്ണയാണ് വ്യാജനിൽ മുമ്പൻ. ശ്രീലങ്കയിൽനിന്നും മറ്റും ഇറക്കുമതിചെയ്യുന്ന തേങ്ങാപ്പിണ്ണാക്ക് ലായകം ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേർത്തുവരുന്ന വെളിച്ചെണ്ണയുമുണ്ട്. പക്ഷേ, നിശ്ചിത അളവിലാണെങ്കിൽ ഇതൊന്നും പരിശോധനയിൽ കണ്ടെത്താനാകില്ല. പെട്രോളിയം ഉപോത്പന്നമായ പാരഫിൻ ഓയിലാണ് മറ്റൊരു മായം. ഇതാണ് ആരോഗ്യത്തിന് വലിയഭീഷണി.

മഴ വീണ്ടും ശക്തമാകും, അടുത്തയാഴ്ച നിര്‍ണായകം.

പിഎസ്സി: നിയമനശുപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്, പ്രൊഫൈലില്‍ ലഭ്യമാകും.

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം.
വെള്ള, നീല റേഷൻ കാർഡുകളുള്ളവരിൽ അർഹരായവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് അതായത് പിങ്ക് കാർഡിലേക്ക് മാറ്റുന്നതിന് ഓൺലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ 2 മുതൽ 15 വരെയാണ് അപേക്ഷിക്കാനാവുക. ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴി ലോഗിൻ ചെയ്തോ അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം. വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.

അതേസമയം റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരനോ, ആദായ നികുതിദായകനോ, സർവീസ് പെൻഷണലോ ആണെങ്കില്‍ റേഷൻ കാർഡ് തരം മാറ്റലിന് അപേക്ഷിക്കാനാവില്ല. 1000ത്തിൽ കൂടുതൽ ചതുരശ്രയടിയുള്ള വീടിൻറെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണൽസ്, എസ്.ടി. വിഭാഗം ഒഴികെ കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലമുള്ളവർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്കും അപേക്ഷിക്കാൻ പറ്റില്ല.
സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് വീട്; PMAY അപേക്ഷ സമയപരിധി നീട്ടി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സ്വന്തമായി വീട് നിർമിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (PMAY)യിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 2025 ഡിസംബർ വരെ അപേക്ഷകൾ സമർപ്പിക്കാം. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഗുണഭോക്താക്കൾക്ക് ഒരേപോലെ ഈ അവസരം പ്രയോജനപ്പെടുത്താനാകും.
PMAY വെബ്സൈറ്റിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 92.61 ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സ്വന്തമായി വീടില്ലാതിരുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിച്ചു. വരുമാനം, സാമൂഹിക വിഭാഗം, ഭവന നില എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
നഗര മേഖലയിൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
• സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം –
3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളതും ഇന്ത്യയിൽ എവിടെയും സ്വന്തമായി വീടില്ലാത്തതുമായ കുടുംബങ്ങൾ
* താഴ്ന്ന വരുമാനക്കാർ –

3 ലക്ഷം രൂപയ്ക്കും 6 ലക്ഷം രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനമുള്ള, സ്വന്തമായി പക്കാ വീടില്ലാത്ത (ഉറപ്പുള്ള സ്ഥിരമായ വീടുകൾ) കുടുംബങ്ങൾ.
• ഇടത്തരം വരുമാന വിഭാഗം – 6 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, സ്വന്തമായി പക്കാ വീടില്ലാത്ത കുടുംബങ്ങൾ.
• ചേരികളിൽ വസിക്കുന്നവർ – നിലവിൽ നഗരപ്രദേശങ്ങളിലെ ചേരികളിലോ അനധികൃത വാസസ്ഥലങ്ങളിലോ താമസിക്കുന്ന കുടുംബങ്ങൾക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.
ഗ്രാമീണ മേഖലയിൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് ഡാറ്റയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കുടുംബങ്ങൾ.
* വീടില്ലാത്ത കുടുംബങ്ങൾ, അല്ലെങ്കിൽ ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള കച്ചാ വീടുകളിൽ (ശരിയായ അടിത്തറയോ, ഉറപ്പുള്ള ചുവരുകളോ, ഈടുനിൽക്കുന്ന മേൽക്കൂരയോ ഇല്ലാത്ത താൽക്കാലിക വാസസ്ഥലങ്ങൾ) താമസിക്കുന്നവർ.
പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് PMAY-2.0 യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
സമയം തീരുന്നു; ഓപറേറ്റർ മുതൽ കോൺസ്റ്റബിൾ വരെ 83 പോസ്റ്റുകൾ; പിഎസ്.സി റിക്രൂട്ട്മെന്റ് 4 വരെ അപേക്ഷിക്കാം.
വിവിധ വകുപ്പുകളിലെ 83 തസ്തികയിൽ നിയമനത്തിന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 20 തസ്തികയിൽ നേരിട്ടും 6 തസ്തികയിൽ തസ്തികമാറ്റം വഴിയുമാണു നിയമനം. 2 തസ്തികയിൽ പട്ടികജാതി/പട്ടികവർഗ സ്പെഷൽ റിക്രൂട്ട്മെന്റും 55 തസ്തികയിൽ എൻ.സി.എ നിയമനവുമാണ്. ഗസറ്റ് തീയതി 30.04.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4 രാത്രി 12 വരെ.
വെബ്സൈറ്റ്: www.keralapsc.gov.in
നേരിട്ടുള്ള നിയമനം: പൊലിസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (മൈക്രോ ബയോളജി), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ്, ഭാരതീയ ചികിൽസാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2, തൊഴിലാളി ക്ഷേമബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ്2, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ തുടങ്ങിയവ.

തസ്തികമാറ്റം വഴി നിയമനം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഹൗസ്ഫെഡിൽ പ്യൂൺ, ജല അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡവലപ്മെന്റ് കോഓപറേറ്റീവ് ലിമിറ്റഡിൽ വാച്ച്മാൻ എന്നിവ.
സ്പെഷൽ റിക്രൂട്ട്മെന്റ്
കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ലോ കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, പൊലിസ് വകുപ്പിൽ പൊലിസ് കോൺസ്റ്റബിൾ (ട്രെയിനി).
എൻ.സി.എ നിയമനം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി അറബിക്, എച്ച്.എസ്.ടി ഗണിതശാസ്ത്രം, എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, കെ.എസ്.എഫ്.ഇയിൽ പ്യൂൺ/വാച്ച്മാൻ തുടങ്ങിയവ.

ചാര്‍ജര്‍ പ്ലഗില്‍ തന്നെ വച്ചിരുന്നാൽ വൈദ്യുതി ബില്ല് കൂടും.
നിങ്ങൾക്ക് എത്ര ചാർജറുകൾ സ്വന്തമായുണ്ട്? മൊബൈൽ ഫോണുകൾ , ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്ഫോണുകൾ, ഇ-ബൈക്കുകൾ തുടങ്ങി റീചാർജ് ചെയ്യാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാൽ ചുറ്റപ്പെട്ട ലോകത്താണ് ഇന്ന് നമ്മൽ ജീവിക്കുന്നത്. ഇതിനെല്ലാമൊപ്പം ചാർജറും കാണും. അതുകൊണ്ടു തന്നെ ഫൊണ കവിഞ്ഞാൽ നമ്മുടെ ജീവിതത്തോട് ഏറ്റവും അടുത്തുനിൽക്കുന്നത് ചാർജർ തന്നെയാകും.
നിങ്ങളുടെ കിടക്കയ്ക്ക് സമീപം ഒരു ഫോൺ ചാർജർ പ്ലഗ് ഇൻ ചെയ്തിരിക്കാം, അത് ഭിത്തിയിൽ വെച്ച് ഓഫ് ചെയ്യാനോ ഉപയോഗത്തിലില്ലാത്തപ്പോൾ പ്ലഗ് ഊരാനോ മെനക്കേടാറില്ല. ഫോണിന്റെ ചാര്‍ജര്‍ കിടക്കയ്ക്കടുത്ത്, ലാപ്ടോപിന്റെ ചാര്‍ജര്‍ ടേബിളിനടുത്ത് എല്ലാം താമസമാക്കിയിട്ട് കാലങ്ങൾ കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ ഇത് അത്ര നല്ലതല്ലെന്ന് നിങ്ങൾക്കറിയാമോ ? സ്വിച്ച് ഓഫ് ചെയ്താലും ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ തന്നെ വയ്ക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാവും.
സ്വാഭാവികമായും, എല്ലാ ചാർജറുകളും ഒരുപോലെയല്ല. ആപ്ലിക്കേഷനും വൈദ്യുതി ആവശ്യകതയും അനുസരിച്ച്, അവയുടെ ആന്തരിക ഘടന വളരെ ലളിതം മുതൽ സങ്കീർണ്ണമായത് വരെ വ്യത്യാസപ്പെടാം. വാള് പ്ലഗില്‍ നിന്ന് എസി (ആള്‍ട്ട് കറന്റ്) എടുക്കുകയും, അതിനെ ഇലക്ട്രോണിക് ഉപകരണത്തിന്റെ ബാറ്ററിക്ക് ആവശ്യമായ ലോ-വാള്‍ട്ടേജ് ഡിസി (ഡയറക്ട് കറന്റ്) ആക്കി മാറ്റുകയും ചെയ്യുന്നതാണ് സാധാരണ ചാര്‍ജറുകളുടെ പ്രവര്‍ത്തനം.

വാമ്പയർ പവർ” എന്നത് യഥാർത്ഥമാണ്. സ്വിച്ച് ഓണ്‍ ചെയ്യാതെ ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചെറിയ അളവില്‍ കറന്റ് വലിച്ചുകൊണ്ടിരിക്കും. ‘ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരു മൊബൈല്‍ ചാര്‍ജറോ, ലാപ്ടോപ് ചാര്‍ജറോ മാത്രം ഇത്തരത്തില്‍ പ്ലഗ് ചെയ്ത് വച്ചിരുന്നാല്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും, എന്നാല്‍ ഒരു വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും ഇങ്ങനെ പ്ലഗില്‍ കുത്തിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുത നഷ്ടം പ്രതീക്ഷിച്ചതിലും അപ്പുറമായിരിക്കും. ചാര്‍ജറുകള്‍ മാത്രമല്ല, ടിവി, മിക്സി, ഫ്രിഡ്ജ് തുടങ്ങിയ എല്ലാ വൈദ്യുത ഉപകരണങ്ങള്‍ക്കും വാമ്പയർ പവര്‍ ഉണ്ടായിരിക്കും.
ആധുനിക ചാർജറുകൾ സ്റ്റാൻഡ്ബൈ പവർ ഉപഭോഗം കുറയ്ക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു ബാഹ്യ ഉപകരണം പവർ എടുക്കാൻ ശ്രമിക്കുന്നതുവരെ അവയെ സ്ലീപ്പ് മോഡിൽ നിലനിർത്തുന്ന സ്മാർട്ട് പവർ മാനേജ്മെന്റ് ഘടകങ്ങളുമായാണ് ഈ ചാർജറുകൾ എത്തിയിരിക്കുന്നത്. വൈദ്യുതി പ്രവഹിക്കുമ്പോൾ, പ്രത്യേകിച്ച് വൈദ്യുതി ഗ്രിഡ് വോൾട്ടേജ് അതിന്റെ റേറ്റുചെയ്ത മൂല്യത്തിന് മുകളിൽ താൽക്കാലികമായി ഉയരുമ്പോൾ, ചാർജറുകൾ കാലക്രമേണ തേയ്മാനം സംഭവിക്കുന്നു. വാമ്പയർ പവറിലൂടെ ചാര്‍ജറിലെത്തുന്ന വൈദ്യുതി താപമായി പുറത്തെത്തുമ്പോള്‍ ചാര്‍ജര്‍ ചൂടാകുന്നതാണ് ഒരു കാരണം. ചാര്‍ജര്‍ സാധാരണയിലധികം ചൂടാവുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉടന്‍ മാറ്റി വാങ്ങുന്നതാകും നല്ലത്.

ചരക്ക് ഗതാഗതത്തിനൊരുങ്ങി കൊച്ചി മെട്രോ.
നിലവിലുള്ള യാത്രാ സർവീസുകൾക്ക് പുറമേ ലഘു ചരക്ക് ഗതാഗതം ആരംഭിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. വരുമാനത്തിൽ കൂടുതൽ വർധനവ് ലക്ഷ്യമിട്ടാണ് ചരക്ക് ഗതാഗതം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ മെട്രോ നീക്കം നടത്തുന്നത്. ചെറുകിട ബിസിനസുകാർക്കും, കച്ചവടക്കാർക്കും നഗരത്തിലുടനീളം അവരുടെ ചരക്കുകൾ തടസ്സമില്ലാതെ കൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിലുള്ള ലഘു ചരക്ക് ഗതാഗതമാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് കൊച്ചി നഗരം ആശ്രയിക്കുന്നത്.
ഇതിന്റെ പരിമിതികളെ മറികടക്കാൻ മെട്രോയുടെ ചരക്ക് നീക്ക പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. യാത്രക്കാരുടെ യാത്രാനുഭവത്തെ പ്രതികൂലമായി ബാധിക്കാതെയാവും ഇത് നടപ്പാക്കുകയെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ വ്യക്തമാക്കി.
മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് കെഎംആര്‍എല്‍ ഉദ്യോഗസ്ഥന് പറയുന്നു. തിരക്ക് കുറഞ്ഞ സമയങ്ങളില്‍, പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമേ സര്‍വീസുകള്‍ നടത്തുകയുള്ളു എന്നും അദ്ദേഹം പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ചരക്കു നീക്കത്തിനായി പ്രയോജനപ്പെടുത്താന്‍ മെട്രോ പദ്ധതിയിടുന്നുണ്ട്.

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം.
കേരളത്തിൽ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറൻ കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവർഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ൽ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവർഷമെത്തിയത്.
സാധാരണയായി ജൂൺ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവർഷമെത്താറ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി എട്ടുദിവസം മുൻപേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തിൽ ഏറ്റവും നേരത്തെ കാലവർഷം എത്തിയത്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.

മികച്ച ഷാമ്പൂ ഏതെന്ന് തിരയേണ്ട, ഒരു ചെമ്പരത്തിപ്പൂവ് കൊണ്ട് അത് വീട്ടിൽ തയ്യാറാക്കാം.
“തലമുടി വൃത്തിയായി സൂക്ഷിക്കാൻ അത്യാവശ്യം വേണ്ട ഒന്നാണ് ഷാമ്പൂ. എന്നാൽ അത് ഇനി കടയിൽ നിന്നും വാങ്ങേണ്ട. ഇങ്ങനെ തയ്യാറാക്കിയാൽ ഏറെ നാൾ ഉപയോഗിക്കാം.
ആരോഗ്യമുള്ള തലമുടിക്കായി ഒരുപാട് ഉത്പന്നങ്ങളൊന്നും വേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത നാച്യുറൽ ചേരുവകൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് ഷാമ്പൂ പോലെയുള്ളവ മുടിയുടെ പ്രകൃതം അനുസരിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകും.
പായ്ക്കറ്റുകളിലും കുപ്പിയിലുമായി കടകളിൽ ഇരിക്കുന്ന കെമിക്കൽ അടങ്ങിയ ഷാമ്പൂ ആണ് മിക്കവരും ഉപയോഗിക്കുന്നത്. അവ മുടിക്ക് മാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. എന്നാൽ ഇതിനു പരിഹാരമായി അത്തരം ഉത്പന്നങ്ങൾ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ.

ഉലുവ
ചെമ്പരത്തി
വിറ്റാമിൻ ഇ
തയ്യാറാക്കുന്ന വിധം
ഉലുവ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം അതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിൻ്റെ ഇതളുകളും സോപ് നട്സും ചേർക്കാം. ശേഷം നന്നായി തിളപ്പിച്ചെടുക്കാം. തിളച്ച മിശ്രിതം അരിച്ചെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീര് ചേർക്കാം. ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ട് ആഴ്ച വരെ ഉപയോഗിക്കാം.
ഉലുവ
തലമുടിക്ക് അനുയോജ്യമായ മികച്ച ക്ലെൻസറാണ് ഉലുവ. തലമുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായിക്കും. കൂടാത മിനുസവും തിളക്കവുമുള്ള തലമുടി ഇതുപയോഗിക്കുന്നതിലൂടെ നേടാം.
ചെമ്പരത്തിപ്പൂവ്
മുടി പരിചരണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഷാമ്പൂവിൻ്റെയും കണ്ടീഷ്ണറിൻ്റെയും ഗുണങ്ങൾ ഇത് നൽകും. മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും.
വിറ്റാമിൻ ഇ
ഷാമ്പൂവിൻ്റെ ഉപയോഗം മുടി അമിതമായി വരണ്ടു പോകുന്നതിലേയ്ക്കു നയിക്കും. ഇത് തടയാൻ വിറ്റാമി ഇ സഹായിക്കും. ഒപ്പം തിളക്കമുള്ള മുടിയിഴകളും സ്വന്തമാക്കാം.
