കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെലോഷിപ്പോടെ പ്ലസ് ടു കഴിഞ്ഞവർക്ക് ശാസ്ത്ര പഠനത്തിന് അവസരം.ബിരുദതലം മുതൽ പിജിതലംവരെ ഫെലോഷിപ്പോടെ പഠനം നടത്താം. പ്ലസ് ടു സയൻസ് പഠിച്ചവർക്ക് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.) വഴിയാണ് ഫെലോഷിപ്പ്. അപേക്ഷകൾ http://kvpy.Iisc.ernet.in വഴി ഓഗസ്റ്റ് 25 വരെ സമർപ്പിക്കാം. നവംബർ 7നാണ് കംപ്യൂട്ടർ അധിഷ്ഠിത (കെവിപിവൈ) ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നാല് വർഷ ബി.എസ്. (റിസർച്ച്), ഐസർ ബി. എസ് എം.എസ്. പ്രവേശനം എന്നിവ ഇതിൽ ഉൾപ്പെടും.

ഈ അധ്യയനവർഷത്തിൽ സയൻസ് സ്ട്രീമിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കും സയൻസ് ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ പഠിക്കുന്നവക്കും SA, SX, SB സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം. 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഈ വർഷം ഫെലോഷിപ്പ് അർഹത ലഭിച്ചാലും ബിരുദ പ്രവേശനം നേടിയ ശേഷമേ ഫെലോഷിപ്പ് ലഭിക്കൂ. ഇപ്പോൾ പ്ലസ് വൺ ക്ലാസിൽ പഠിക്കുന്നവർക്ക് 2023’24 മുതലും 12 ൽ പഠിക്കുന്നവർക്ക് 2022 -23 മുതലും ഫെലോഷിപ്പ് ലഭിക്കും. അവർ പ്ലസ് ടു തല ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സിനും സയൻസ് വിഷയങ്ങൾക്കും (ഫിസിക്സ്/ കെമിസ്ട്രി/ബയോളജി) കൂടി മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) നേടിയിരിക്കണം.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഞ്ച് വർഷ എം. എസ്.സി പ്രോഗ്രാം പ്രവേശനത്തിൽ കെ.വി.പി.വൈ. ഫെലോസിനെ കോമൺ അഡ്മിഷൻ ടെസ്റ്റി (കാറ്റ്) ൽ ഒഴിവാക്കിയിട്ടുണ്ട്. ഹൈദരാബാദ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പ്ലസ് ടു കഴിഞ്ഞവർക്കായുള്ള ഡ്യുവൽ ഡിഗ്രി പ്രോഗ്രാം പ്രവേശന പ്രക്രിയയിൽ എൻട്രൻസ് ടെസ്റ്റിൽനിന്ന് കെ.വി.പി.വൈ. സ്കോളർമാരെ ഒഴിവാക്കും.

2021-22 ൽ ബിരുദ പോഗ്രാം ആദ്യവർഷം പഠിക്കുന്നവർക്ക് 2021- 22 മുതൽ ഫെലോഷിപ്പ് ലഭിക്കും. അവർ ആദ്യവർഷ ബിരുദ തല പരീക്ഷയിൽ മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) നേടണം. ബിരുദപഠനത്തിന് പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. പിജി പഠനത്തിന് 7000 രൂപ. ബിരുദ പഠനത്തിന് കണ്ടിജൻസി ഗ്രാന്റായി വർഷം 20,000 രൂപയും മാസ്റ്റഴ്സ് പഠനത്തിന് 28000 രൂപയും.
