ജില്ലയിൽ ചെങ്ങന്നൂരിനു പുറമേ പന്തളം, തിരുവല്ല ഭാഗങ്ങളിലാണു പ്രധാനമായും കരിമ്പുകൃഷിയുള്ളത്. മധ്യതിരുവിതാംകൂർ ശർക്കര അഥവാ പതിയൻ ശർക്കരയാണു വിപണിയിലെത്തിക്കുന്നത്. ചെങ്ങന്നൂരിൽ തിരുവൻവണ്ടൂർ പഞ്ചായത്തിലാണു കരിമ്പുകൃഷി പ്രധാനമായുള്ളത്. ഇവിടങ്ങളിൽ കരിമ്പ് വെട്ടിത്തുടങ്ങി. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലായാണു കരിമ്പിന്റെ വിളവെടുപ്പും അടുത്ത നടീലും നടത്തുന്നത്.

മൂന്നു ദശാബ്ദങ്ങൾക്കുമുൻപ് 2,400 ഏക്കറിൽ കൃഷിയുണ്ടായിരുന്ന കരിമ്പുകൃഷി ഇത്തവണ രണ്ടു ജില്ലകളിലായി ആകെ 480 ഏക്കറിലാണുള്ളത്. പന്തളം, മന്നം, പുളിക്കീഴ് എന്നിവിടങ്ങളിലെ ഷുഗർ ഫാക്ടറികൾ നിർത്തലാക്കിയത് മധ്യതിരുവിതാംകൂറിൽ കൃഷി പിന്നോട്ടടിക്കാൻ കാരണമായി. ഒരു ടൺ തലക്കത്തിന് (നടീൽ വസ്തു) 6,100 രൂപയാണു വില. ഏക്കറിനു 7,500 രൂപ സബ്സിഡിയുണ്ട്. ഒരു ഏക്കറിലേക്കു 2.9 ടൺ തലക്കം വേണ്ടിവരും. ഹെക്ടറിനു ഏഴു ടൺ. ഒരു ഹെക്ടർ (2.4 ഏക്കർ) കരിമ്പുകൃഷി ചെയ്തു ശർക്കരയാക്കിമാറ്റാൻ കൂലിയടക്കം രണ്ടുലക്ഷം രൂപ ചെലവു വരുമെന്നു കർഷകർ പറയുന്നു.

കൃഷിചെയ്യുന്ന കരിമ്പിൽനിന്നു തന്നെയാണ് അടുത്ത കൃഷിക്കുള്ള മേന്മയുള്ള തലക്കം എടുത്തിരുന്നത്. ഒരു പ്രാവശ്യം തലക്കം (നാമ്പ്) നട്ട് കൃഷി ചെയ്തു തുടങ്ങിയാൽ തുടർച്ചയായി രണ്ട്, മൂന്നു തവണ കൂടി ഈ മൂട്ടിൽ (കാലായിൽ) നിന്നു വിളവെടുക്കാം. നേരത്തേ തിരുവല്ല കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രം, പന്തളത്തെ സർക്കാർ ഫാം എന്നിവിടങ്ങളിൽനിന്ന് തലക്കം ലഭിച്ചിരുന്നു. പ്രളയത്തിനുശേഷം ഇതു ലഭിക്കാതെയായി.

25 വർഷമായി കർഷകർ മാധുരി എന്ന ഇനമാണ് കരിമ്പുകൃഷിക്കുപയോഗിക്കുന്നത്. ഒരുമാസംവരെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനും ചെഞ്ചീയൽ രോഗം ചെറുക്കാനുമുള്ള കഴിവുണ്ട്. 2015-ൽ അഭയ്, ആരോമൽ എന്നീ രണ്ടിനങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ, കർഷകർ ഇന്നും മാധുരിയെത്തന്നെയാണ് ഏറെയും ആശ്രയിക്കുന്നത്. പ്രത്യേകിച്ചും കാലംതെറ്റിയുള്ള വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ.ഒരു ഹെക്ടറിലെ കരിമ്പിൽനിന്ന് ഏഴു ടൺ പതിയൻ ശർക്കര കിട്ടും. മൊത്തവില കിലോയ്ക്കു 110, ചില്ലറ 140 രൂപ വരെയുമാണ്.