പ്രകൃതിയെ ചേർത്തുപിടിച്ച് ഓസ്ട്രിയൻ ‘കോൺ’

വികസനവും ആർഭാടവും ഒന്നാണെന്ന് തെറ്റിദ്ധരിച്ചവരെ തിരുത്താൻ കൂറ്റൻ ‘കോണുകളിൽ’ ഓസ്ട്രിയയുടെ നല്ലപാഠങ്ങൾ. കമഴ്ത്തിവച്ച കൂറ്റൻ കോണുകളുടെ മാതൃകയിലുള്ള പവിലിയനിൽ മണ്ണും മരവും ചേർന്നുള്ള മനംമയക്കുന്ന കാഴ്ചകൾ മാത്രം. വളഞ്ഞുപുളഞ്ഞൊരു തുരങ്കമിട്ടതു പോലുള്ള വഴികളിലൂടെ നടന്നാൽ പഴഞ്ചൻ വിദ്യകളിൽ മറഞ്ഞിരിക്കുന്ന പുതുമകൾ കാണാം. പ്രകൃതിയെ മറന്നു തുടങ്ങിയതോടെയാണ് കാലാവസ്ഥയ്ക്കിണങ്ങിയതും സുരക്ഷിതവുമായ കെട്ടിടങ്ങളിൽ നിന്നു മനുഷ്യർ അകന്നതെന്നു പ്രതിനിധികൾ ഓർമിപ്പിക്കുന്നു. ഓരോ മേഖലയുടെയും സ്വഭാവത്തിനു യോജിച്ച നിർമിതികൾ ചെലവു കുറയ്ക്കും.

കളിമണ്ണ്, പനമ്പ്, ചകിരി, മുള എന്നിവയെല്ലാം ചേരുംപടി ചേർന്നാൽ മഞ്ഞും മഴയും വെയിലുമൊന്നുമേൽക്കാത്ത വീടുകൾ നിർമിക്കാം. ഓസ്ട്രിയൻ-അറേബ്യൻ നിർമിതികൾക്ക് പലകാര്യങ്ങളിലും സാമ്യമുണ്ടെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു. ഉയരമുള്ള കോണുകളുടെയും സ്തൂപങ്ങളുടെയും മാതൃകയിലുള്ള കെട്ടിടങ്ങളുടെ മുകളിലൂടെ കടന്ന് അകത്തളങ്ങളിലെത്തുന്ന കാറ്റിന്റെ ചൂട് കുറയും. കളിമൺ ഭിത്തികളെ തഴുകിയെത്തുന്ന തണുത്ത കാറ്റിന് ഔഷധ ഗുണം നൽകുന്നതാണ് മറ്റൊരു വിദ്യ. ഔഷധഗുണമുള്ള വൃക്ഷങ്ങൾ കൊണ്ടു നിർമിച്ച അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് പഴയകാല വീടുകളിലുണ്ടാകുക. സിർബെ വൃക്ഷമാണ് ഓസ്ട്രിയൻ വീടുകളുടെ അകത്തളങ്ങളിൽ ഉപയോഗിക്കുക. പിരിമുറുക്കം കുറയ്ക്കാൻ ഇതിനു കഴിയുമെന്നാണ് വിശ്വാസം.

 * കളിയല്ല കളിമണ്ണ്

പൊതുവേ സുലഭമായ കളിമണ്ണ്, ഈന്തപ്പന, തെങ്ങ്, മുള എന്നിവ കെട്ടിടനിർമാണത്തിന് ഉപയോഗപ്പെടുത്താം. കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ കൂടുതൽ ഇവ ഈടുനിൽക്കും. കോൺക്രീറ്റ് കെട്ടിടമാണെങ്കിൽ പോലും അകത്തളങ്ങൾ പ്രകൃതി സൗഹൃദമാകണമെന്നാണ് ഓസ്ട്രിയൻ പാഠം. ഈറ്റയും മുളയുമൊക്കെ ചേർന്ന നടവഴികൾ, അലങ്കാരങ്ങൾ എന്നിവയ്ക്കു പ്രത്യേകതകളേറെ. മരുഭൂമിയിലെ ചൂടിനെ പടിക്കകത്തു കയറ്റില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. പവിലിയനിലെ അപൂർവം ചിലയിടങ്ങളിൽ മാത്രമാണ് ശീതീകരണികൾ. ചില മേഖലകളിൽ മേൽക്കൂരയുമില്ല. പ്രകൃതിയോടിണങ്ങി ജീവിക്കുകയും പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുകയും ചെയ്യുന്ന വികസനമാണ് ഓസ്ട്രിയ പരിചയപ്പെടുത്തുന്നത്. പുതിയതു കിട്ടുമ്പോൾ പഴതെല്ലാം ഉപേക്ഷിക്കുകയെന്ന ആധുനിക രീതിയാണ് ലോകം നേരിടുന്ന ഏറ്റവും വെല്ലുവിളിയെന്നാണ് പവിലിയന്റെ സന്ദേശം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights