പുതിയ കാഴ്ചാനുഭവമായി ശ്രീനഗറിലെ ബദാം വേർ ഉദ്യാനം

പൂന്തോട്ടം നിറയെ പലനിറത്തിൽ ബദാം പൂക്കൾ പൂത്തു നിൽക്കുന്നു, പശ്ചാത്തലത്തിൽ മഞ്ഞു നിറഞ്ഞ ഹിമാലൻ മലനിരകളും. ഈ മനം നിറയ്ക്കുന്ന കാഴ്ച ആസ്വദിക്കണമെങ്കിൽ കശ്മീരിലേക്ക് പോകാം. ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ശ്രീനഗറിലെ ഏറ്റവും പുതിയ കാഴ്ചാനുഭവമായി മാറിയിരിക്കുകയാണ് ബദാം വേർ ഉദ്യാനം. വസന്തത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂന്തോട്ടത്തിൽ വിവിധ നിറങ്ങളിലുള്ള ബദാം പൂക്കൾ വിരിഞ്ഞിരിക്കുന്നു, പൂക്കളുടെ കാഴ്ച പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആകർഷകമാണ്. പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം സ്വപ്ന സുന്ദര താഴ് വരയായി തോന്നും.

ശ്രീനഗറിലെ കോ-ഇ-മാരൻ എന്നും അറിയപ്പെടുന്ന ഹരി പർബത് കോട്ടയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനമാണ് ബദാം വേർ അഥവാ ബദാം വാരി. ഈ പൂന്തോട്ടത്തിന് പരമ്പരാഗതവും സാംസ്കാരികവും പൈതൃകവുമായ കുറേയെറേ പ്രാധാന്യമുണ്ട്. ഹസത്ത് മഖ്ദൂം സാഹിബ് ദേവാലയം, ഗുരുദ്വാര ചദ്ദി പദ്ഷാഹി തുടങ്ങിയ നിരവധി പ്രശസ്തമായ മതപരമായ ആകർഷണങ്ങളും ഈ പ്രദേശത്തായതിനാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് കൗതുകത്തോടൊപ്പം ഭക്തി സാന്ദ്രമായൊരു അന്തരീക്ഷം കൂടി അനുഭവിക്കാം.

ഇപ്പോൾ ബദാം പൂക്കുന്ന കാലമാണ്. അത് ഏറ്റവും മനോഹരമായി കാണാൻ ബദാം വാരി തന്നെയാണ് മികച്ച ഇടവും. അതിനാൽ അടുത്ത് തന്നെ വ്യത്യസ്ത സാംസ്കാരികവും പരമ്പരാഗതവുമായ പരിപാടികൾ ലക്ഷ്യമിട്ട് സർക്കാർ ഉത്സവങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അസിസ്റ്റന്റ് ഫ്ലോറികൾച്ചർ ഓഫീസർ ഇമ്രാൻ പറഞ്ഞു. വസന്തകാല ടൂറിസം സീസൺ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പരിപാടികൾ നടത്തുന്നത്.കശ്മീരിലെയും ശ്രീനഗറിലേയും തിരക്കേറിയ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉള്ളതു പോലെ തിരക്കില്ലാത്തതിനാൽ വിനോദസഞ്ചാരികൾ ഈ പൂന്തോട്ടക്കാഴ്ച കൂടുതൽ ഇഷ്ടപ്പെടും, മാത്രമല്ല ഇവിടുത്തെ അന്തരീക്ഷവും തികച്ചും സമാധാനപരമാണ്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഇവിടേക്ക് ആകർഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ഉദ്യാനത്തിലെ സുന്ദരമായ പൂക്കളും ശാന്തതയും തന്നെയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights