Present needful information sharing
ഈ പുതുവത്സരം അറബിക്കടലിൽ ആഡംബരക്കപ്പലിൽ ആഘോഷിക്കുന്നതിന് കെ.എസ്.ആർ.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പെഗ് മദ്യം നൽകുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസിൽ അവസരം ഒരുക്കുന്നത്.
കൊച്ചി ബോൾഗാട്ടി ജെട്ടിയിൽനിന്നാണ് ഡിസംബർ 31-ന് രാത്രി എട്ടിന് ഇതിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്. ഒൻപതുമുതൽ രണ്ടുവരെയാണ് പുതുവത്സര ആഘോഷങ്ങൾ. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽനിന്ന് ആളുകളെ എ.സി. ബസുകളിൽ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
എത്തുന്നവർക്കായി വലിയരീതിയിലുള്ള ഒരുക്കങ്ങൾ ക്രൂയിസിൽ ഉണ്ടാകും. ഡിസ്കോ, ലൈവ് വാട്ടർ ഡ്രംസ്, പവ്വർ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്വൽ ഇഫെക്ടുകൾ, രസകരമായ ഗെയിമുകൾ, തത്സമയസംഗീതം, ന്യത്തം, ഓരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ ഡിന്നർ എന്നിവയുമുണ്ട്. കുട്ടികളുടെ കളിസ്ഥലം, തീയേറ്റർ, കടൽക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാൻ തുറന്ന സൺഡെക്ക്, ഓൺബോർഡ് ലക്ഷ്വറി ബാർ എന്നിവയെല്ലാം ഈ ആഡംബര ക്രൂയിസിൽ എത്തുന്നവരെ കാത്തിരിക്കുന്നു. പുറത്തുനിന്ന് മദ്യം ഇവിടേക്ക് അനുവദിക്കില്ല.