റഷ്യൻ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് എസ്ബിഐ. യുക്രൈൻ അധിനിവേശത്തിനുശേഷം അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയ ഉപരോധത്തിനുപിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ നടപടി.ബാങ്കുകൾ, തുറമുഖങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയുമായി വൻതോതിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം, ധാതു എണ്ണകൾ, മുത്തുകൾ, ആണവ റിയാക്ടറുകൾ, യന്ത്രഭാഗങ്ങൾ, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുപോലെ ഫാർമസിക്യൂട്ടിക്കൽ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ ഉൾപ്പടെയുള്ളവ ഇന്ത്യയിൽനിന്ന് കയറ്റിയയക്കുന്നുമുണ്ട്.