അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് പതിയെയാണ് ദിനോസർ കയറി വന്നത്. മൈക്കു കയ്യിലെടുത്ത് കൊണ്ട് ആ ദിനോസർ മനുഷ്യരോട് പറഞ്ഞു-” വംശമറ്റ് പോവുക എന്നത് തീർത്തും ഒരു മോശം ഐഡിയയാണ്”. ഡോണ്ട് ചൂസ് എക്സ്റ്റിങ്ഷനിന്റെ ഭാഗമായി യുഎൻഡിപി തയ്യാറാക്കിയതാണ് ദിനോസർ വീഡിയോ. യുഎൻ ക്ലൈമറ്റ് ചേഞ്ച് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലാണ് രസകരവും അതോടൊപ്പം തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഭൂമിയെ വാസയോഗ്യമല്ലാതാക്കുന്ന സങ്കീർണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ആക്കം കൂട്ടുന്നതിൽ മനുഷ്യരുടെ ഇടപെടലുകൾക്ക് വലിയ പങ്കാണുള്ളത്. അത്തരം പ്രവൃത്തികൾ തുടരുന്നത് മനുഷ്യന്റെ സ്വന്തം നിലനിൽപിനെ തന്നെ ബാധിക്കുമെന്ന ഉപദേശം നൽകാനാണ് വീഡിയോയിലൂടെ ശ്രമിക്കുന്നത്. വംശനാശം വന്ന ജീവി തന്നെ വന്ന പറയുന്ന ഉപദേശം അൽപം നർമ്മം കലർത്തി എന്നാൽ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് വീഡിയോയിൽ.

1.1കോടി യുഎസ് ഡോളറാണ് ഫോസിൽ ഇന്ധന സബ്സിഡികൾക്കായി ലോക രാജ്യങ്ങൾ ചിലവഴിക്കുന്നത്. ചൂടിനെ ട്രാപ്പ് ചെയ്യുന്ന ഹരിത ഗ്രഹ പ്രതിഭാസമാണ് ഇതുമൂലമുണ്ടാകുന്നത്. ഇത് കാലാവസ്ഥയിലാകെ വ്യതിയാനമുണ്ടാക്കി വലിയ വംശനാശ ഭീഷണി മനുഷ്യനുയർത്തുമെന്ന സന്ദേശമാണ് ദിനോസർ വീഡിയോ നൽകുന്നത്.

* ദിനോസറിന്റെ വൈറലായ വാക്കുകളിലേക്ക്
“മനുഷ്യരെ,.. എനിക്ക് ഒന്നു രണ്ട് കാര്യങ്ങൾ വംശനാശത്തെകുറിച്ചറിയാം. വംശനാശത്തിലേക്ക് പോവുക എന്നത് ഒരു മോശം ഐഡിയയാണ്. അത് നിങ്ങൾക്കറിവുമുണ്ടാകുമല്ലോ. വംശനാശത്തിലേക്ക് സ്വയം വണ്ടിയോടിച്ചു പോവുക, അതും വെറും 7 കോടി വർഷത്തെ ഭൂമിയിലെ വാസത്തിനു ശേഷമെന്നത് വളരെ പരിഹാസ്യാത്മകമായ കാര്യമാണ്. വംശനാശം സംഭവിക്കുമ്പോൾ ഞങ്ങൾക്ക് ന്യായീകരിക്കാൻ ഉൽക്കാപതനമെങ്കിലും ഉണ്ടായിരുന്നു. എന്താണ് നിങ്ങളുടെ ന്യായീകരണം. നിങ്ങൾ ഒരു വലിയ കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് പൊതു ഖജനാവിൽ നിന്ന് സർക്കാരുകൾ ചെലവഴിച്ച് ഫോസിൽ ഇന്ധന സബ്സിഡികൾക്കായി നൽകുന്നത്. വലിയ ഉൽക്കകളുണ്ടാക്കാൻ സബ്സിഡി അളവിൽ പണം ചെലവഴിക്കുന്നത് നിങ്ങളൊന്ന് സങ്കൽപിച്ചു നോക്കൂ. എന്നാൽ അതാണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ആ പണം കൊണ്ട് ചെയ്യാൻ പറ്റുന്ന മറ്റനേകം കര്യങ്ങൾ നിങ്ങളൊന്ന് സങ്കൽപിച്ചു നോക്കൂ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മനുഷ്യർ പട്ടിണി കിടക്കുകയാണ്. സ്വന്തം വംശത്തിന്റെ അന്ത്യം കുറയ്ക്കാൻ പണം ചിലവഴിക്കുന്നതിനേക്കാൾ കുറച്ചു കൂടി നല്ല കാര്യം അതല്ലേ. കുറച്ചു കൂടി സ്ട്രെയിറ്റ് ആയി ഞാൻ കാര്യങ്ങൾ പറയം. ഒരുവലിയ മഹാമാരിയിൽ നിന്ന് തിരിച്ചു കയറുന്ന ഈ സമയം നല്ല ഒരു അവസരമായെടുക്കുക . വംശനാശം തിരഞ്ഞെടുക്കരുത്. വൈകും മുമ്പ് നിങ്ങളുടെ വംശത്തെ രക്ഷിക്കുക”, എന്ന ഴളരെ ചുരുങ്ങിയ വാക്കുകളിലെ ഗംഭീര പ്രകടനം ദിനോസർ കാഴ്ചവെച്ചാണ് വീഡിയോ അവസാനിക്കുന്നത്.