‘ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ’ എന്ന് തോന്നിപ്പിക്കുന്ന വിഭവങ്ങൾ തയ്യാറാക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. ഇത്തരം വിഭവങ്ങൾ തയ്യാറാക്കുന്നതിലെ എളുപ്പം, ചേരുവകൾ, രുചി എന്നിവയൊക്കെ ഒരിക്കലെങ്കിലും ഇതൊന്ന് ഉണ്ടാക്കി നോക്കിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

ഇത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. വളരെ ലളിതമായി ഉണ്ടാക്കാൻ കഴിയുന്ന അരി കൊണ്ടുള്ള വിഭവമാണിത്.. എന്നാൽ, തയ്യാറാക്കി കഴിയുമ്പോൾ ഈ വിഭവത്തിന് സംഭവിക്കുന്ന രൂപമാറ്റമാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. ഫൂഡി ഗുജറാത്തി11 എന്ന ഫുഡ് വ്ളോഗറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഉള്ളിൽ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ച് പുറത്ത് കുതിർത്ത അരിയും ചേർത്ത് ആവിയിൽ പുഴുങ്ങിയെടുക്കുന്ന വിഭവമാണിത്. 50 ലക്ഷത്തിൽ അധികമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 2.87 ലക്ഷം പേർ ലൈക്ക് ചെയ്യുകയും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

തയ്യാറാക്കി കഴിയുമ്പോഴുള്ള അരിയുണ്ടയുടെ രൂപമാറ്റമാണ് എല്ലാവരെയും അതിശയിപ്പിച്ചത്. വീഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ഭൂരിഭാഗവും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. സംഗതി അടിപൊളിയായിട്ടുണ്ടെന്ന് പലരും പറഞ്ഞു. മുല്ലപ്പൂ ആണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ, ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞെന്നും ഒരാൾ കമന്റ് ചെയ്തു.