ജോലികഴിഞ്ഞ് വീട്ടിലെത്തിയ അരുൺ ഗോപിനാഥ്, കുളിക്കാൻ ടാപ്പ് തുറന്നപ്പോൾ വെള്ളത്തിനൊപ്പം ദേ ചാടിവീണു, പഴുതാര പോലൊരു ജീവി. ഫോട്ടോയെടുത്ത് സുഹൃത്തായ ‘മാതൃഭൂമി’ ലേഖകന് അയച്ചുകൊടുത്തു. മേഖലയിലെ വിദഗ്ധയായ ഡോ. ടി.വി. അന്ന മേഴ്‌സിക്ക് ലേഖകൻ അത് ഫോർവേഡ് ചെയ്തപ്പോൾ, കിണറുകളുടെ ഉറവയിൽ വസിക്കുന്ന അപൂർവയിനത്തിലുള്ള മത്സ്യമാണെന്ന് വ്യക്തമായി.

പെരുമ്പായിക്കാട് അരുൺനിവാസിലെ കിണറ്റിൽനിന്ന് ടാപ്പിലൂടെ പുറത്തുവന്നത് കോട്ടയത്തിന്റെ സ്വന്തം അപൂർവ മത്സ്യമായ ‘കുരുടൻ മുഷി’ എന്നു വിശേഷിപ്പിക്കുന്ന ‘ഹൊറാഗ്ലാനിസ് കൃഷ്ണയ്’ ആണ്. പിങ്ക് നിറമുള്ള, മീശയുള്ള ഈ മീനിന് ശരാശരി ആറുസെന്റിമീറ്റർ നീളമുണ്ടാകും. കാഴ്ചശക്തിയില്ല. ഇന്ത്യയിലെ തന്നെ ഏക ബ്ലൈൻഡ് ക്യാറ്റ് ഫിഷ് ആണ്.ഏറ്റുമാനൂർ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനായ അരുണും കുടുംബവും കഴിഞ്ഞ ചൊവ്വാഴ്ച കിട്ടിയ മീനിന് ചെറുവിരകളെയും മറ്റും തീറ്റയായി നൽകി ഒരാഴ്ച സംരക്ഷിച്ചു. ഇന്നലെ നാട്ടകം ഗവ. കോളേജിലെ സുവോളജി വകുപ്പിലേക്ക് മീനിനെ കൈമാറി.

* മീനിനുവേണ്ടി തേകിയത് ഒട്ടേറെ കിണറുകൾ
മഹാക്ഷേത്രങ്ങളുടെ ചരിത്രകാരൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ കോട്ടയത്തെ വീട്ടിൽനിന്ന് ആദ്യമായി മീനിനെ കണ്ടെത്തിയതാണ് ആ പേരിന് പിന്നിലെ കൃഷ്ണമയത്തിന് കാരണം. 70-കളിൽ കേരള സർവകലാശാലയിൽ ഹൊറാഗ്ലാനിസ് കൃഷ്ണയയെ കുറിച്ച് പിഎച്ച്.ഡി. ചെയ്ത ഡോ. അന്ന മേഴ്‌സി, പഠനത്തിനായി താഴത്തങ്ങാടി, കാരാപ്പുഴ, നാഗമ്പടം എന്നിവിടങ്ങളിലായി ഒട്ടേറെ കിണറുകൾ വറ്റിച്ചിരുന്നു. അന്ന് ഒൻപതിടത്തുനിന്ന് 151 കുരുടൻമുഷികളെ കിട്ടി. 1981-ൽ ഹൊറാഗ്ലാനിസ് കൃഷ്ണയയെ കുറിച്ച് ഡോ. അന്ന പ്രബന്ധം സമർപ്പിച്ചു. ഇന്നും അവയെ കുറിച്ചുള്ള ഏക ആധികാരിക പഠനറിപ്പോർട്ട് അതുതന്നെയാണ്. പനങ്ങാട് ഫിഷറീസ് കോളേജിലെ പ്രൊഫസറായിരുന്ന ഡോ. അന്ന അതിരമ്പുഴ സ്വദേശിനിയാണ്. ബ്രിട്ടീഷ് മ്യൂസിയം 100-ാം വാർഷികം ആഘോഷിച്ചപ്പോൾ പ്രദർശനത്തിന് വെച്ച ഏക ഇന്ത്യൻ മീൻ ഈ കുരുടൻ മുഷിയായിരുന്നു.