വൈദ്യ ശാസ്ത്രത്തിനുള്ള 2021 ലെ നൊബേൽ പുരസ്കാരം അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസും ആർഡെം പറ്റാപുട്ടിയാനും പങ്കിടും. താപം, സ്പർശനം എന്നിവയോട് നാഡീവ്യൂഹം പ്രതികരിക്കുന്നതു സംബന്ധിച്ചു നടത്തിയ ഗവേഷണമാണ് ഇരുവരെയും നേട്ടത്തിന് അർഹരാക്കിയത്.തലച്ചോർ നൽകുന്ന ഇലക്ട്രിക്കൽ സന്ദേശത്തോടു ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്ന് ഇരുവരുടെയും ഗവേഷണം. വേദനയ്ക്കെതിരേ പുതിയ ചികിത്സ വികസിപ്പിക്കുന്നതിന് ഈ കണ്ടു പിടിത്തം സഹായകമായി

സാൻ ഫ്രാൻസിസ്കോയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഗവേഷകനാണു പ്രഫ. ഡേവിഡ് ജൂലിയസ്. എരിവു കഴിക്കുമ്പോൾ പുകച്ചിൽ (ചൂട് ) അനുഭവപ്പെടുന്നതു സംബന്ധിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. ശരീരകോശങ്ങളിലെ പ്രത്യേകതരം സ്വീകരണികൾ (റെസിപ്റ്റർ) എരിവിനോടു പ്രതികരിക്കുന്നു.സ്വീക രണികൾ എരിവു മൂലമുള്ള പുകച്ചിലിനോട്, ശരീരം പൊള്ളുമ്പോൾ കോശങ്ങൾ പ്രതികരിക്കുന്നതു പോലെ തന്നെ പ്രതികരിക്കുമെന്നും ഇദ്ദേഹം കണ്ടെത്തി.

സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ്
അമേനിയൻ വംശജനായ പ്രഫ. ആർഡെം പറ്റാപുട്ടിയാൻ. സ്പർശനത്തോടു പ്രതികരിക്കുന്ന ശരീരത്തിലെ നിരവധി സ്വീകരണികളെ ഇദ്ദേഹം കണ്ടെത്തി. കടൽത്തീരത്തു നടക്കുമ്പോൾ പാദങ്ങളിൽ മണ്ണുപറ്റുന്നത് അറിയാൻ സാധിക്കുന്ന സ്വീകരണികൾ തലച്ചോറിൽ നൽകുന്ന സന്ദേശം അനുസരിച്ചാണ്. തണുപ്പിനോടു പ്രതികരിക്കുന്ന സ്വീകരണികളെയും ഇരുവരും കണ്ടെത്തി. പത്തു ലക്ഷം ഡോളർ (ഏകദേശം 7.2 കോടി രൂപ) ആണു നൊബേൽ സമ്മാനത്തുക.