വിദേശികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന പതിവ് യു.എ.ഇ. നിർത്തലാക്കുന്നു. വിസയ്ക്ക് പകരം യു.എ.ഇ.യിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ.ഡി. പതിക്കാൻ സൗകര്യമൊരുക്കും. അടുത്തയാഴ്ച പുതിയ സംവിധാനം നിലവിൽവരും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്ത് താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐ.ഡി. ഉപയോഗിക്കാനാണ് തീരുമാനം. മറ്റ് രാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് യാത്രചെയ്യുമ്പോൾ വിമാനക്കമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡി.യും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസാ വിവരങ്ങൾ ലഭ്യമാകും.
യു.എ.ഇ.യിൽ താമസവിസയിൽ എത്തുന്നവർ വൈദ്യപരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി രണ്ടുമുതൽ 10 വർഷത്തേക്കുവരെ പാസ്പോർട്ടിൽ വിസ പതിക്കുന്നതായിരുന്നു നേരത്തെയുള്ള രീതി. ഇതോടൊപ്പം രാജ്യത്തെ തിരിച്ചറിയൽരേഖയായ എമിറേറ്റ്സ് ഐ.ഡി.യും ലഭ്യമാക്കും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ എമിറേറ്റ്സ് ഐ.ഡി. കൂടുതൽ വിവരങ്ങൾചേർത്ത് പരിഷ്കരിച്ചിരുന്നു.