പൊതുസ്ഥലത്ത് വെച്ച് അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോയെടുത്താൽ യുഎഇയിൽ ഇനി മുതൽ കുറ്റകൃത്യം. രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെ അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ആറു മാസം തടവു ശിക്ഷയോ 1.5 ലക്ഷം ദിർഹം മുതൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ കൊടുക്കേണ്ടിയും വരും.
ജനുവരി രണ്ട് മുതൽ ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തിലാകും. വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പൗരൻമാർക്കും താമസക്കാർക്കും മികച്ച സംരക്ഷണം നൽകുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് യുഎഇ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.