കൊല്ലം: നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ ലഭിച്ചുതുടങ്ങിയതോടെ ജില്ലയിലെ വിനോദ സഞ്ചാരമേഖല പതിയെ ഉണരുന്നു. തദ്ദേശസ്ഥാപന ടി.പി.ആർ അനുസരിച്ച് ഹോം സ്റ്റേ ഉൾപ്പെടെ താമസസൗകര്യങ്ങൾ തുറന്നുനൽകാമെന്ന നിർദേശമാണ് മേഖല ആശ്വാസകരമായി കാണുന്നത്. വാക്സിനെടുത്തവരോ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലമുള്ളവരോ ആയിരിക്കണം അതിഥികൾ. കൂടാതെ, സ്ഥാപനങ്ങളിലെ ജീവനക്കാരും വാക്സിനെടുത്തിരിക്കണമെന്ന നിബന്ധനയുമുണ്ട്.

കായലും കടലും കുന്നുകളുമൊക്കെയായി വിനോദസഞ്ചാരത്തിെൻറ എല്ലാത്തരം സാധ്യതകളും പ്രയോജനപ്പെടുത്താവുന്ന ജില്ലയിൽ പക്ഷേ, അഞ്ച് ശതമാനംപോലും ഇപ്പോഴും ഇൗ ഇളവ് പ്രയോജനപ്പെടുത്താവുന്ന സ്ഥിതിയിലല്ല. നിയന്ത്രണങ്ങൾ ഏറ്റവും കുറവുള്ള ‘എ’ വിഭാഗത്തിലുള്ള, ജില്ലയിലെ മുൻനിര വിനോദസഞ്ചാര മേഖലയായ മൺറോതുരുത്ത് പഞ്ചായത്തിൽ മാത്രമാണ് നിലവിൽ ഇൗ ഇളവ് പ്രാവർത്തികമാകുന്നത്.
