15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനു സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നു ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തും.

എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനന തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നതു മുതൽ വാക്സിൻ നൽകിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയാൽ മതിയാകും. ഈ ഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാൽ അവരുടെ ആരോഗ്യനിലകൂടി ഉറപ്പുവരുത്തും. ഒമിക്രോൺ പശ്ചാത്തലത്തിൽ കുട്ടികളുടെ വാക്സിനേഷൻ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാൽ 18 വയസിനു മുകളിൽ വാക്സിനെടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. ആദ്യഡോസ് വാക്സിൻ എടുക്കാനുള്ളവരും രണ്ടാം ഡോസ് എടുക്കാൻ സമയം കഴിഞ്ഞവരും ഈ ആഴ്ച തന്നെ വാക്സിൻ സ്വീകരിക്കണം. സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്സി നേഷനായിരിക്കും പ്രാധാന്യം നൽകുക.