സംസ്ഥാനത്ത് വിവിധ വാക്സിനുകളുടെ നിർമാണയൂണിറ്റ് തുടങ്ങാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികൾ. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിർചൗ ബയോടെക് എന്നീ കമ്പനികളാണിത്. ഇവയുടെ പ്രവർത്തനം, വാക്സിൻ ഉത്പാദനത്തിലും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലുമുള്ള ശേഷി എന്നിവയെല്ലാം പരിശോധിച്ച് സാങ്കേതിക അനുമതിയും നൽകി. ഇനി ഈ കമ്പനികൾക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങൾക്ക് സർക്കാർ അംഗീകാരം നൽകണം. വ്യവസായവികസന കോർപ്പറേഷൻ തയ്യാറാക്കിയ മാർഗനിർദേശങ്ങൾ ധനവകുപ്പിന്റെ പരിശോധനയിലാണ്.

തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ നിർമാണവും ഗവേഷണകേന്ദ്രവും തുടങ്ങാൻ സർക്കാർ നിശ്ചയിച്ചത്. നിക്ഷേപത്തിനു തയ്യാറാകുന്ന കമ്പനികൾക്ക് നൽകാവുന്ന ഇളവുകൾ എന്തെല്ലാമെന്നു കാണിച്ച് 2021 സെപ്റ്റംബറിൽ സർക്കാർ പ്രത്യേക ഉത്തരവുമിറക്കിയിരുന്നു. ഇതനുസരിച്ചാണ് കെ.എസ്.ഐ.ഡി.സി. താത്പര്യപത്രം ക്ഷണിച്ചതും രണ്ടുകമ്പനികൾ യോഗ്യത നേടിയതും.

ഏതുരീതിയിൽ ഭൂമിയും അടിസ്ഥാനസൗകര്യവും നൽകണമെന്നതാണ് ഇനി തീരുമാനിക്കേണ്ടത്. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് നിക്ഷേപത്തിനു തയ്യാറായി വരുന്ന കമ്പനികളായതിനാൽ ടെൻഡർ രീതി വേണ്ടെന്നാണ് പൊതുനിലപാട്. ബി.ഒ.ടി., പാട്ടവ്യവസ്ഥ എന്നിവയെല്ലാമാണ് പരിഗണനയിലുള്ളത്. സർക്കാർ അംഗീകാരം നൽകുന്നതോടെ, ഇരുകമ്പനികൾക്കും സ്വീകാര്യമായ പാക്കേജ് ഉറപ്പാക്കി കരാറുണ്ടാക്കും. കെ.എസ്.ഐ.ഡി.സി.യുമായിട്ടായിരിക്കും കരാർ.