ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന വളം ക്ഷാമത്തിൽ കർഷകർ വലയുന്നു. യുപിയിലെ ലളിത്പുരിൽ വളത്തിനായി 2 ദിവസം കാത്തുനിന്ന കർഷകൻ കുഴഞ്ഞുവീണു മരിച്ചു; വളമിടാത്തതു മൂലം കൃഷി നശിച്ചതിൽ മനംനൊന്ത് മധ്യപ്രദേശിലെ ചമ്പൽ മേഖലയിൽ കർഷകൻ ജീവനൊടുക്കി. അമോണിയം ഫോസ്ഫേറ്റ് വളം ലഭിക്കാത്തതാണു കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.ഉത്തരേന്ത്യയിൽ പലയിടത്തും കാലം തെറ്റി പെയ്ത മഴ മൂലം കൃഷി ആവശ്യത്തിനു ഡൈ അമോണിയം ഫോസ്ഫേറ്റ് കൂടുതലായി വേണ്ടിവന്നതാണു ക്ഷാമത്തിനു വഴിയൊരുക്കിയതെന്നാണു കേന്ദ്ര വളം മന്ത്രാലയത്തിന്റെ വാദം.

പ്രതിസന്ധി നേരിടാൻ മന്ത്രാലയത്തിനു കീഴിൽ കൺട്രോൾ റൂം ആരംഭിച്ചു. വിദേശത്തുനിന്ന് വളം ഇറക്കുമതി ചെയ്യാനുള്ള ശ്രമം ഊർജിതമാക്കി.പല സംസ്ഥാനങ്ങളിലും വളം വിതരണ കേന്ദ്രങ്ങൾക്കു മുന്നിൽ ദിവസങ്ങളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണു കർഷകർ. യുപിയിലും മധ്യപ്രദേശിലും ക്ഷാമം രൂക്ഷമാണെന്നു കർഷക സംഘടനകൾ പറഞ്ഞു. മധ്യപ്രദേശിൽ വളം വിതരണം ചെയ്യുന്ന 3400 സഹകരണ സൊസൈറ്റികളിൽ ഏതാനും ആഴ്ചകളായി ആവശ്യത്തിനു സ്റ്റോക്കില്ല. ലളിത്പുരിൽ കുഴഞ്ഞുവീണു മരിച ഭോഗിപാൽ എന്ന കർഷകൻ 2 ദിവസമായി വിതരണ കേന്ദ്രത്തിനു മുന്നിൽ നിൽക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ഭോഗിപാലിന്റെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ക്ഷാമം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.ക്ഷാമം മൂലം ലളിത്പുരിൽ മുൻപ് 2 കർഷകർ ജീവനൊടുക്കിയിരുന്നു. 15 ദിവസം കാത്തിരുന്നിട്ടും വളം ലഭിക്കാത്തതിനു പിന്നാലെയാണു ചമ്പലിലെ കർഷകൻ ധൻപാൽ യാദവ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 3 ലക്ഷം ഹെക്ടർ കൃഷി ഭൂമിയുള്ള ലളിത്പുരിൽ കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ 32,000 മെട്രിക് ടൺ വളമാണ് വിതരണം ചെയ്തത്. ഇക്കുറി 19,000 മെട്രിക് ടൺ മാത്രമാണു കർഷകർക്കു ലഭിച്ചത്.
