
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങുപനി (Monkeypox) റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യരംഗത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൃത്യമായ ചികിത്സയിലൂടെ രോഗം പകരാതിരിക്കാനും ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും സാധിക്കുമെന്ന് യുകെയിൽ (UK) നടത്തിയ ഒരു പഠനം വ്യക്തമാക്കിയിരിക്കുകയാണ്. 2018നും 2021നും ഇടയിൽ രോഗം വന്നിട്ടുള്ള ഏഴ് പേരിലാണ് പഠനം നടത്തിയത്. രോഗം ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരിലേക്ക് പടർന്നിട്ടുള്ള സമയമാണിത്. എന്നാൽ കുരങ്ങുപനി പടരുന്നത് അത്ര വേഗത്തിലല്ലെന്നും രോഗികളിൽ ഗുരുതരമാവാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു.

ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം ചികിത്സിക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത ആൻറിവൈറൽ മരുന്നുകളായ ബ്രിൻസിഡോഫോവിർ, ടെക്കോവിരിമാറ്റ് എന്നിവയുടെ ഉപയോഗം രോഗികളിൽ എന്ത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പഠനം പറയുന്നു. എന്നാൽ വസൂരിക്കെതിരെ ഉപയോഗിക്കാൻ ആദ്യമായി അംഗീകാരം ലഭിച്ചിട്ടുള്ള മരുന്ന് ടെക്കോവിരിമാറ്റാണ്. കുരങ്ങുപനിക്കെതിരെ ഈ മരുന്ന് ഫലപ്രദമാണോയെന്ന് നേരത്തെയും പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ബ്രിൻസിഡോഫോവിറിന് രോഗികളിൽ ചെറിയ മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ടെക്കോവിരിമാറ്റിൻെറ കാര്യത്തിൽ ഇനിയും പഠനം നടക്കേണ്ടതുണ്ട്.
