വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ 16 തടാകങ്ങൾ കാണാം പ്ലിറ്റ്വിസ് തടാക ദേശീയോദ്യാനത്തിൽ

ഉപരിതലത്തിൽ നിന്ന് നോക്കിയാൽ ഒരേസമയം കാണാവുന്ന 16 തടാകങ്ങൾ. തടാകങ്ങൾക്കെല്ലാം ഓരോ നിറം. ഭൂരിഭാഗം തടാകങ്ങൾക്കും അനുബന്ധമായി കൊച്ചു വെള്ളച്ചാട്ടങ്ങൾ. എവിടെയായിരിക്കും ഇങ്ങനെയൊരിടം എന്ന് കരുതുന്നുണ്ടാവും. ക്രൊയേഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ പ്ലിറ്റ്വിസ് തടാക ദേശീയോദ്യാനത്തിലാണ് ഇങ്ങനെയൊരു കാഴ്ച കാണാനാവുക.

ദക്ഷിണ യൂറോപ്പിലെ ഏറ്റവും പഴയ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണിത്. 1949-ൽ ആണ് ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. മധ്യ ക്രൊയേഷ്യയിൽ ബോസ്നിയയുടെ അതിർത്തിയോട് ചേർന്ന് പർവതങ്ങൾ കാവലായാണ് ഉദ്യാനം സ്ഥിതിചെയ്യുന്നത്.ക്രൊയേഷ്യൻ ഉൾനാടിനെയും അഡ്രിയാറ്റിക് തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡ് ദേശീയോദ്യാനത്തിന്റെ മദ്ധ്യേ ആണ് കടന്നുപോകുന്നത്. 296.85 ചതുരശ്ര കിലോമീറ്ററിൽ ഏറെയാണ് ദേശീയോദ്യാനത്തിന്റെ സംരക്ഷിതമേഖല.

1979 -ൽ പ്ലിറ്റ്വിസ് യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടംനേടി. ഉദ്യാനത്തിലെ 16 തടാകങ്ങളിൽ പന്ത്രണ്ടെണ്ണം ഉയർന്ന തടാകങ്ങളായും നാലെണ്ണം താഴെയുള്ള തടാകങ്ങളായും തരംതിരിക്കപ്പെട്ടിക്കുന്നു. ചങ്ങലയിലെ കണ്ണികളെന്നപോലെ എല്ലാ തടാകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തടാകങ്ങളും കൂടി ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്.

ആകാശനീല, പച്ച, നീല, ചാരനിറങ്ങളിലാണ് തടാകങ്ങൾ കാണപ്പെടുന്നത്. വെള്ളത്തിൽ അടങ്ങിയ ധാതുക്കളുടെ അളവും സൂര്യപ്രകാശം പതിക്കുന്നതിന്റെ കോണുമാണ് ഈ നിറവ്യത്യാസം അനുഭവപ്പെടാൻ കാരണം. വളരെ വ്യത്യസ്തമായ സസ്യ-ജന്തുജാലങ്ങളും ഇവിടെയുണ്ട്. പത്ത് ലക്ഷം സന്ദർശകരാണ് ഓരോ വർഷവും ഇവിടെ സന്ദർശനത്തിനെത്തുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights