രാജ്യത്തെ മൂലധന വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ 25 വരെയുള്ള കണക്കുപ്രകാരം 33,600 കോടി രൂപ(4.47 ബില്യൺ ഡോളർ)യുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും വിദേശ നിക്ഷേപകരെ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയാൻ പ്രേരിപ്പിച്ചു.

അതേസമയം, രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങളാകട്ടെ, വിപണിയിലെ തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കാൻ വൻതോതിൽ നിക്ഷേപം നടത്തുന്നുമുണ്ട്. ബിഎസ്ഇയിൽനിന്നുള്ള താൽക്കാലിക കണക്കുകൾ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപകർ 3,948.4 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപനങ്ങൾ 4,142.82 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപിക്കുകയുംചെയ്തു. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപത്തിലുണ്ടായ വർധനവാണ് ആഭ്യന്തര നിക്ഷേപം കൂടാൻ കാരണമായി വിലയിരുത്തുന്നത്.

നിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനവും സാമ്പത്തിക ഉത്തേജന നടപടികൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള നീക്കവും കുറച്ചുമാസങ്ങളായി രാജ്യത്തെ വിപണിയിൽനിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റത്തിന് കാരണമായി. കുത്തനെയുള്ള നിരക്കുവർധന സംബന്ധിച്ച ആശങ്ക കുറഞ്ഞെങ്കിലും ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ നിരീക്ഷിച്ചുവരികയാണ് നിക്ഷേപലോകം.റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനാൽ കനത്ത ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലുള്ളത്.