വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതംചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജൻ’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്.
വിനോദസഞ്ചാരികളിൽനിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. പത്താമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡാണിത്.
ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവുംകൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ചുപ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവയുൾപ്പെടുന്നു. ഗോവയിലെ പാലോലം, അഗോണ്ട എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ.ഈ അവാർഡ് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.